പാലക്കാട്: മധുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ഉപരോധത്തിലെത്തിയ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ധീനെതിരെ ആദിവാസികളുടെ പ്രതിഷേധം.

മധുവിനെ കെട്ടിയിട്ട് മര്‍ദിക്കുമ്പോള്‍ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തത് ഷംസുദ്ധീന്‍ എംഎല്‍എയുടെ അടുത്ത അനുയായിയാണ്. ഇതേ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് എംഎല്‍എയെ ആദിവാസികള്‍ പുറത്താക്കിയത്.

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഗളി പോലീസ് സ്റ്റേഷന്‍ ആദിവാസികള്‍ ഉപരോധിച്ചിരുന്നു. ഇതിനിടെ സമരത്തില്‍ പങ്കെടുക്കാനെത്തിയ മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ധീനെതിരെ കടുത്ത പ്രതിഷേധവുമായി ആദിവാസികളെത്തി.

മധുവിനെ കെട്ടിയിട്ട് മര്‍ദിക്കുമ്പോള്‍ അതിനടുത്ത് നിന്ന് സെല്‍ഫിയെടുത്ത ഉബൈദ് എന്‍ ഷംസുദ്ധീന്റെ അടുത്ത അനുയായിയാണ്. ഷംസുദ്ധീന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ഉബൈദ് നേതൃത്വം നല്‍കുന്നത് തെളിയിക്കുന്ന ഫോട്ടോ പുറത്ത് വന്നതോടെയാണ് ആദിവാസികള്‍ പ്രതിഷേധവുമായെത്തിയത്.

കൊലയാളിയുടെ നേതാവിനെ ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് സമരത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ച എംഎല്‍എയെ ആദിവാസികള്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ മര്‍ദിച്ചവരുടെ സംഘത്തില്‍ ഉബൈദില്ലെന്നായിരുന്നു എംഎല്‍എയുടെ വാദം.

ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരും യുഡിഎഫിന്റെ സജീവ പ്രവര്‍ത്തകരാണെന്നാണ് സൂചന. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ആക്രമണത്തില്‍ പങ്കെടുത്തവരെ ന്യായീകരിക്കാന്‍ എംഎല്‍എ നടത്തിയ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.