പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാരായ ഏഴു പേര്‍ ചേര്‍ന്നാണ് ആദിവാസി യുവാവ് മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് എഫ്‌ഐആര്‍. കള്ളനെന്ന് പറഞ്ഞാണ് സംഘം തന്നെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തതെന്ന് മരിക്കും മുന്‍പ്, മധു പൊലീസിന് മൊഴി നല്‍കിയതായി എഫ്‌ഐആറില്‍ പറയുന്നു.

കാട്ടില്‍ നിന്നാണ് നാട്ടുകാര്‍ തന്നെ പിടിച്ചുകൊണ്ടു വന്നത്. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്നും മധു മൊഴി നല്‍കി. ഇതില്‍ മുക്കാലിയിലെ കടയുടമയായ ഹുസൈന്‍, കരീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം മധുവിന്റെ പോസ്റ്റുമോര്‍ട്ടം നാളത്തേക്ക് മാറ്റി. തൃശൂര്‍ ഐജിയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച് എല്ലാ പ്രതികളെയും ഉടന്‍ പിടികൂടാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും പട്ടികജാതി പട്ടികവര്‍ഗ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോള്‍ മുക്കാലിക്കടുത്ത് ചിണ്ടക്കി താന്നിച്ചോട് ഭാഗത്ത് മധു നടന്നു പോകുന്നതായി പ്രദേശവാസികള്‍ മുക്കാലിയിലുള്ള ചിലരെ വിളിച്ചു പറഞ്ഞു. മുക്കാലിയില്‍ നിന്ന് ചിലര്‍ അവിടേക്കെത്തി മധുവിനെ പിടികൂടി. കയ്യിലുണ്ടായിരുന്ന അരി, ബേക്കറി സാധനങ്ങള്‍ എന്നിവ തലയിലെടുപ്പിച്ച് മുക്കാലിയിലേക്ക് നടത്തി.

രണ്ട് മണിക്കൂറോളം ഇവരുടെ കസ്റ്റഡിയിലുണ്ടായിരുന്ന യുവാവിന് കഠിനമായ മര്‍ദ്ദനമേറ്റു. മൂന്ന് മണിയോടെയാണ് മുക്കാലിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് മധുവിനെ വാഹനത്തില്‍ കയറ്റി അഗളിയിലേക്ക് തിരിച്ചു. ചെമ്മണ്ണര്‍ എത്തിയപ്പോള്‍ മധു ഛര്‍ദ്ദിച്ചു.

പൊലീസുകാര്‍ മധുവിന് വെള്ളം കൊടുത്തു. കാവുണ്ടിക്കല്‍ എത്തിയപ്പോള്‍ വീണ്ടും ഛര്‍ദിച്ചു. പൊലീസ് കഴിയുന്നത്ര വേഗം അഗളി ഗവര്‍മെന്റ് ആശുപത്രിയില്‍ മധുവിനെ എത്തിച്ചു. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷമായി വീടുവിട്ട് കാട്ടിലും പാറമടകളിലും കഴിയുകയാണ് മധു . വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ വരുന്നതു കണ്ടാല്‍ തന്നെ മധു ഓടിയൊളിക്കുമായിരുന്നുവെന്ന് സഹോദരി ചന്ദ്രിക പറഞ്ഞു. ഭക്ഷണം കഴിക്കാനായി മാത്രം എന്തെങ്കിലും എടുക്കുന്ന മധു പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ എടുക്കാറില്ലെന്ന് ചെറിയമ്മ മരുതിയും പറഞ്ഞു.

മധുവിന്റെ പക്കലുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ ധാരാളം കണ്ടെത്തി. ഈ പഴയ വസ്തുക്കളുമേറ്റി അധികം ആള്‍താമസമില്ലാത്ത മേഖലകളില്‍ സഞ്ചരിക്കുകയാണ് പതിവ്.

ആള്‍ക്കൂട്ടത്തിന്റെ തീര്‍പ്പുകല്‍പ്പിക്കലും ശിക്ഷയുമാണ് മുക്കാലിയില്‍ നടന്നത്. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളും സെല്‍ഫിയുമെടുത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആഘോഷമാക്കുന്ന അധഃപതനത്തിലെത്തി ജനക്കൂട്ടം. സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന ഖാപ് വിചാരണയും തല്ലിക്കൊല്ലലും ഓര്‍മ്മിപ്പിക്കുന്നതാണ് മുക്കാലി സംഭവം.

കുറ്റവാളികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ടീയ പാര്‍ടികളുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ അഗളിയില്‍ പ്രകടനം നടന്നു. സംഭവത്തെ സി പി ഐ എം അട്ടപ്പാടി ഏരിയാ കമ്മിറ്റി ശക്തിയായി അപലപിച്ചു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടു.