മധുവിനെ ക്രൂരമായി മര്‍ദിച്ചത് നാട്ടുകാരായ ഏഴു പേര്‍; അടിക്കുകയും ചവിട്ടുകയും ചെയ്തത് കള്ളനെന്ന് വിളിച്ച്; മരിക്കും മുന്‍പ്, പേരുകള്‍ സഹിതം മൊഴി നല്‍കി മധു; പോസ്റ്റുമോര്‍ട്ടം ഇന്ന്

പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാരായ ഏഴു പേര്‍ ചേര്‍ന്നാണ് ആദിവാസി യുവാവ് മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് എഫ്‌ഐആര്‍.

കള്ളനെന്ന് പറഞ്ഞാണ് സംഘം തന്നെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തതെന്ന് മരിക്കും മുന്‍പ്, മധു പൊലീസിന് മൊഴി നല്‍കിയതായി എഫ്‌ഐആറില്‍ പറയുന്നു. കാട്ടില്‍ നിന്നാണ് നാട്ടുകാര്‍ തന്നെ പിടിച്ചുകൊണ്ടു വന്നത്. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്നും മധു മൊഴി നല്‍കി.

ഇതില്‍ മുക്കാലിയിലെ കടയുടമയായ ഹുസൈന്‍, കരീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, മധുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ ഉത്തരവാദികളായ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വന്‍പ്രതിഷേധമാണ് നടക്കുന്നത്.

നിരവധി ആദിവാസി സംഘടനകളും പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അഗളി ആശുപത്രിക്ക് മുമ്പില്‍ വഴി തടയല്‍ സമരവും ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞു. അഗളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപമാണ് ആംബുലന്‍സ് തടഞ്ഞത്.

തൃശൂര്‍ ഐജിയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച് എല്ലാ പ്രതികളെയും ഉടന്‍ പിടികൂടാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും പട്ടികജാതി പട്ടികവര്‍ഗ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികളുടെ മേല്‍ കൈവെയ്ക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. നിയമം കൈലിലെടുക്കാന്‍ ആരേയും സമ്മതിക്കില്ല. മധുവിന്റെ കൊലപാതകത്തിനുത്തരവാദികള്‍ ആയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഗളിയില്‍ ആദിവാസി യുവാവിനെ മോഷ്ടാവ് എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച് കൊന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News