ഭോപാല്‍: പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ സ്‌കൂളിനുമുന്നില്‍ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ അനുപുര്‍ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ബയോളജി പരീക്ഷയ്ക്കായി വ്യാഴാഴ്ച പകല്‍ 12.30ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെയാണ് അജ്ഞാതന്‍ കഴുത്തറുത്ത് കൊന്നത്.

പെണ്‍കുട്ടി സ്‌കൂളിനുമുന്നില്‍ എത്തിയപ്പോള്‍ പിന്നാലെ വന്നയാള്‍ വാളുപയോഗിച്ച് മൂന്നുതവണ വെട്ടി. തുടര്‍ന്ന് കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നടുറോഡില്‍വച്ച് പരസ്യമായാണ് വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തത്. അറുപത്തിമൂന്നുകാരിയായ അധ്യാപിക മാത്രമാണ് സംഭവം നേരില്‍ കണ്ടത്. എന്നാല്‍, കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.

അതിനിടെ, കൊലപാതകശേഷം തൊട്ടടുത്ത ഗ്രാമത്തില്‍ ഒരു യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതും പൊലീസ് അന്വേഷിച്ചുവരികയാണ്.