കോഴിക്കോട് സിഐടിയു പ്രവര്‍ത്തകരുടെ അറസ്റ്റ്; പ്രതിഷേധവുമായി ചുമട്ട് തൊഴിലാളികള്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സംഘര്‍ഷത്തില്‍ സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി ചുമട്ട് തൊഴിലാളികള്‍.

കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലെ ചുമട്ട് തൊഴിലാളികളായ മൂന്നു സിഐടിയു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിലാണ് പ്രതിഷേധം ശക്തമാകുന്നത്. കോയമോന്‍, സുബൈര്‍, ആസിഫ് എന്നിവരെ കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്.

15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ്, ബസ് സ്റ്റാന്റിലെ സിഐടിയു വാഹനങ്ങള്‍ ലോക്ക് ചെയ്തു. പൊലീസ് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പുതിയ ബസ് സ്റ്റാന്റിലെ മുഴുവന്‍ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

ജോലി ചെയ്യാനുളള സാഹചര്യം ഉണ്ടായില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍ ആലോചിക്കുമെന്ന് സിഐടിയു നേതാവ് കുഞ്ഞാദ് കുട്ടി പറഞ്ഞു.

സ്വകാര്യ ബസിലേക്ക് ചരക്ക് കയറ്റുന്നതിനിടെ മഫ്ടിയിലായിരുന്ന എസ്‌ഐ ബാബുരാജിന്റെ കാലില്‍ ഭാരം തട്ടിയതാണ് വാക്ക് തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. സംഭവത്തില്‍ സിഐടിയു സെക്രട്ടറി റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ച് റിയാസിനെ കൊണ്ടുപോകുന്നത് തൊഴിലാളികള്‍ തടഞ്ഞത് കൂടുതല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

കസബ എസ്‌ഐ അടക്കം 5 പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here