എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കുക: സിപിഐഎം സംസ്ഥാന സമ്മേളനം

ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിയും നവോത്ഥാന ആശയങ്ങളെ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ സംരക്ഷിക്കാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം അഭ്യര്‍ഥിച്ചു.

മതനിരപേക്ഷ കാഴ്ചപ്പാടാണ് സര്‍ക്കാരിനെ നയിക്കുന്നത്. ഈ സര്‍ക്കാരിനെ സംരക്ഷിക്കുകയെന്നത് രാജ്യത്തെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലില്ലെന്ന കാഴ്ചപ്പാടിനെ തിരുത്തിയാണ് ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികളുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. രാജ്യത്ത് ആക്രമണോത്സുക വര്‍ഗീയ അജന്‍ഡയും നവലിബറല്‍ നയങ്ങളും നടപ്പാക്കുന്ന ബിജെപി സര്‍ക്കാരിന് ബദലായി കേരള സര്‍ക്കാരിന്റെ നടപടികള്‍ മാറി. ഇത്തരം ബദല്‍നയം പൊരുതുന്ന ജനങ്ങള്‍ക്കാകെ ആവേശവും വഴികാട്ടിയുമാണ്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ജനപക്ഷ രാഷ്ട്രീയത്തിന്റെ നയരേഖയായി സംസ്ഥാന സര്‍ക്കാര്‍ മാറുന്നു.

ബദല്‍നയം മുന്നോട്ടുവയ്ക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് വലതുപക്ഷ ശക്തികളും സംഘപരിവാറും ശ്രമിക്കുന്നത്. കേരളത്തിനെതിരെ രാജ്യവ്യാപകമായി തെറ്റായ പ്രചാരവേലകള്‍ക്ക് സംഘപരിവാര്‍ നേതൃത്വം നല്‍കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്നുള്ള ആവശ്യം ആര്‍എസ്എസ് മുന്നോട്ടുവച്ചു. ഗവര്‍ണര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നു.

എല്ലാ മേഖലയിലെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുകയെന്ന ഇടതുപക്ഷ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായി കാര്‍ഷികവ്യാവസായികമേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നത് സുപ്രധാനമായി സര്‍ക്കാര്‍ കാണുന്നു. അതിനായി പശ്ചാത്തല സൗകര്യവികസനത്തിന് മുന്തിയ പ്രാധാന്യം നല്‍കുന്നുണ്ട്.

അമ്പതിനായിരം കോടി രൂപയുടെ പദ്ധതികളിലൂടെ പശ്ചാത്തല സൗകര്യ വികസനത്തിന് കിഫ്ബി പോലുള്ള പുതിയ വഴിയും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. പാവങ്ങളില്‍ പാവങ്ങള്‍ പണിയെടുക്കുന്ന പരമ്പരാഗതമേഖലയെ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കണ്ടുകൊണ്ടുള്ള നടപടികളും പുരോഗമിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടിയായിരുന്നു. എല്‍ഡിഎഫിന്റെ ആദ്യവര്‍ഷംതന്നെ ആ ഇനത്തിലുള്ള നഷ്ടം 71 കോടി രൂപ കുറച്ചു. 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 14 എണ്ണം ലാഭത്തിലായി. ബാക്കിയുള്ളവയുടെ നഷ്ടം വന്‍തോതില്‍ കുറഞ്ഞു. രണ്ടു വര്‍ഷംകൊണ്ട് പൊതുമേഖലയുടെ ലാഭം 40 കോടിയായി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്.

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുന്നതിനുള്ള പുനരുദ്ധാരണ പദ്ധതികളും മുന്നോട്ടുവച്ചിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 3500 കോടി രൂപയുടെ ദീര്‍ഘകാല വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. വാട്ടര്‍ അതോറിറ്റിയെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ മുന്നോട്ടുവച്ചു.

പരമ്പരാഗതമേഖലയെ സംരക്ഷിക്കുന്നതിനുള്ള നിലപാടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. കയര്‍ പുനഃസംഘടനാ പദ്ധതി നടപ്പാക്കി വരുന്നു. സൗജന്യ സ്‌കൂള്‍ യൂണിഫോമിനായി 25 ലക്ഷം മീറ്റര്‍ കൈത്തറിത്തുണി ഉപയോഗിക്കുന്ന പദ്ധതിക്ക് നേതൃത്വം നല്‍കി. കശുവണ്ടി വ്യവസായം സംരക്ഷിക്കുന്നതിന് കേരള കാഷ്യൂ ബോര്‍ഡ് എന്ന കമ്പനിക്ക് രൂപം നല്‍കി. തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2000 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെട്ടു.

പുത്തന്‍ വികസനമേഖലകളായ ഐടി, ബിടി, ടൂറിസം മേഖലകളെ വികസിപ്പിച്ച് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്നതിനോടൊപ്പം വീടുകളിലാകെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികളും രാജ്യത്താദ്യമായി സ്വീകരിക്കുകയാണ്.

സമ്പൂര്‍ണ വൈദ്യുതീകരണം എന്ന സ്വപ്നസദൃശമായ ലക്ഷ്യം കേരളം പൂര്‍ത്തീകരിച്ചു. 276 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള പദ്ധതികളും ഈ സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. വൈദ്യുതിയിലോടുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സൗഹാര്‍ദപരമായ സംവിധാനങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ഇടപെടുകയാണ്. 15,000 ഏക്കര്‍ തരിശില്‍ നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയും മുന്നോട്ടുവച്ചു.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹ്യനീതി ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സംസ്ഥാന ബജറ്റ് സ്ത്രീപക്ഷ നിലപാടുകള്‍ മുന്നോട്ടുവച്ചത്. സ്ത്രീകള്‍ക്കുമാത്രമായി 1267 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.

പട്ടികജാതിപട്ടികവര്‍ഗമേഖലയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കി. പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി 20,000 പഠനമുറികള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. പട്ടികവര്‍ഗവിഭാഗത്തിലെ അധ്യാപക പരിശീലനം നേടിയ 246 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു.

ഗോത്രബന്ധു പദ്ധതിയിലൂടെ ഈ മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അധ്യാപക പരിശീലനം നേടുന്ന മുഴുവന്‍പേര്‍ക്കും തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു. 11.2 ശതമാനം ജനസംഖ്യവരുന്ന പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കായി പദ്ധതിയുടെ 12.63 ശതമാനം ബജറ്റില്‍ നീക്കിവച്ചു. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്ററുകള്‍ക്കും പ്രത്യേക പരിഗണന നല്‍കി.

ആരോഗ്യവിദ്യാഭ്യാസ രംഗത്തുനിന്ന് പിന്മാറുകയല്ല, അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായി ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളും പ്രവര്‍ത്തനമാരംഭിച്ചു. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ജലസ്രോതസ്സുകളാക്കി സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നവിധത്തിലും ഹരിതകേരളം പദ്ധതി മുന്നോട്ടുപോകുകയാണ്. എല്ലാവര്‍ക്കും വീട് ഉറപ്പുവരുത്തുന്നതിനായി ലൈഫ് പദ്ധതിക്കും തുടക്കം കുറിച്ചു.

സംസ്ഥാനത്തെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നു. പ്രവാസികളുടെ നിക്ഷേപം കേരളത്തിന്റെ ഉല്‍പാദനമേഖലയില്‍ വിന്യസിക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ്. ലോക കേരളസഭ ഈ രംഗത്ത് മാതൃകയാണ്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടുന്നു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അവയെ സംരക്ഷിക്കുന്ന നിലപാടും സര്‍ക്കാര്‍ ഉയര്‍ത്തി. കേരള ബാങ്ക് എന്ന ആശയവും പ്രാവര്‍ത്തികമാകുന്നു. നോട്ട് നിരോധിക്കലും ജിഎസ്ടിയും സൃഷ്ടിച്ച പ്രതിസന്ധി മറികടന്നാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ രൂപീകരണം സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ഇഫയല്‍ സംവിധാനം വ്യാപകമാക്കി ഫയലിന്റെ നീക്കം ശക്തിപ്പെടുത്തുന്നതിനും അഴിമതി തടയുന്നതിനും നടപടി സ്വീകരിച്ചു. സ്ഥലംമാറ്റ മാനദണ്ഡം കൊണ്ടുവന്ന് തെറ്റായ ഇടപെടല്‍ അവസാനിപ്പിച്ചു. പിഎസ്സി മുഖാന്തരം 62,282 പേരെ നിയമിച്ചു. അപ്രഖ്യാപിത നിയമന നിരോധനം മാറ്റി നാലായിരത്തോളം തസ്തിക പുതുതായി സൃഷ്ടിച്ചു.

ഭരണഭാഷ മലയാളമാക്കി മാതൃഭാഷാ സംരക്ഷണത്തിനുതകുന്ന പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുകയാണ്. മതസൗഹാര്‍ദം സംരക്ഷിക്കുന്നതിനൊപ്പം ന്യൂനപക്ഷ സംരക്ഷണം എന്ന നയത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

ദേവസ്വം ബോര്‍ഡില്‍ സംവരണം നടപ്പിലാക്കി അബ്രാഹ്മണരെ പൂജാരികളായി സര്‍ക്കാര്‍ നിയമിച്ചു. ദേവസ്വംബോര്‍ഡ് നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയ നടപടി പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കും കടന്നുവരുന്നതിനുള്ള സാഹചര്യം വര്‍ധിപ്പിച്ചു. ക്രമസമാധാന പാലന മികവ് കണക്കിലെടുത്ത് മികച്ച സംസ്ഥാനമായി കേരളത്തെ പബ്ലിക് അഫേര്‍സ് ഇന്‍ഡക്‌സ് തെരഞ്ഞെടുത്തു.

ജനമൈത്രി പൊലീസിന് എക്‌സലന്റ് അവാര്‍ഡും ലഭിച്ചു. ട്രാഫിക് സുരക്ഷിതത്വത്തിന് പൊലീസ് നടപ്പാക്കുന്ന സോഫ്റ്റ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News