പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ മധു കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരിയുടെ വെളിപ്പെടുത്തല്‍.

കാടിനുള്ളില്‍ മധു താമസിക്കുന്ന സ്ഥലം നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക പറഞ്ഞു

മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചന്ദ്രിക ആവശ്യപ്പെട്ടു. മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും ചന്ദ്രിക പറഞ്ഞു.

ആദിവാസികള്‍ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനംവകുപ്പ് പ്രവേശിപ്പിക്കാറില്ല. അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് കാട്ടിലേക്ക് പ്രവേശിപ്പിച്ചതെന്നും ചന്ദ്രിക പറഞ്ഞു.

ക്രൂരമര്‍ദ്ദനത്തില്‍ തളര്‍ന്ന മധു വെള്ളം ചോദിച്ചപ്പോള്‍ ജനക്കൂട്ടം മൂക്കിലേക്കാണ് വെള്ളമൊഴിച്ച് നല്‍കിയതെന്നും ചന്ദ്രിക പറയുന്നു.

കാടിനുള്ളില്‍ നിന്ന് മധുവിനെ മര്‍ദ്ദിച്ച ശേഷം കൊണ്ടുവരുമ്പോള്‍ ആള്‍ക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ക്രൂരപീഡനം നടന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.