മധുവിന്റെ കുടുംബത്തിന് താങ്ങായി പിണറായി സര്‍ക്കാര്‍; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു; ഉടന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് താങ്ങായി പിണറായി സര്‍ക്കാര്‍.

മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തുക ഉടന്‍ തന്നെ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി നിര്‍ദേശം നല്‍കി.

മധുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഒരു ദളിതനും ആദിവാസിക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏത് വകുപ്പു ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് തീരുമാനിക്കും. ഐജിയുടെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടന്നു വരികയാണ്. യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിലേയ്ക്ക് സര്‍ക്കാര്‍ വഴുതിപ്പോകില്ലെന്നും എകെ ബാലന്‍ തൃശൂരില്‍ പ്രതികരിച്ചു.

സംഭവത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു. മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

അതേസമയം, മധുവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here