ലോകകപ്പ് മുന്നില്‍ കണ്ട് ബിസിസിഐയുടെ നീക്കം; ധോണിയടക്കം അഞ്ച് താരങ്ങള്‍ ടീമില്‍ നിന്നും പുറത്താകും

ഇന്ത്യന്‍ ക്രിക്കറ്റ് സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്. ദക്ഷിണാഫ്രക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നഷ്ടമാക്കിയെങ്കിലും ഏകദിനത്തില്‍ തിരിച്ചടിച്ചു.

ടി ട്വന്‍റിയിലും പരമ്പര നേട്ടത്തിന്‍റെ വക്കിലാണ്. യുവതാരങ്ങളുടേയും പരിചയസമ്പന്നരുടേയും മികവിലാണ് ടീം ഇന്ത്യയുടെ കുതിപ്പ്.

എന്നാല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ടുള്ള ടീമിനെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ സമിതി.

ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന നിദാഹാസ് ടൂര്‍ണമെന്‍റില്‍ വന്‍ മാറ്റങ്ങളുമായാകും ടീം ഇന്ത്യ കളത്തിലെത്തുക.ധോണിയും കൊഹ്ലിയുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ത്രിരാഷ്ട്ര ടി ട്വന്‍റി ടൂര്‍ണമെന്‍റില്‍ കളിച്ചേക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ മത്സരങ്ങള്‍ തളര്‍ത്തുന്നുവെന്ന് കാട്ടി നേരത്തെ കലഹമുണ്ടാക്കിയ നായകന്‍ വിരാട് കൊഹ്ലിക്ക് വിശ്രമം നല്‍കും. നായക സ്ഥാനത്തേക്ക് രോഹിത് ശര്‍മ്മ എത്തുമെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയില്‍ രോഹിതിന്‍റെ കീ‍ഴില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.  ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നീ താരങ്ങളും ഇല്ലാതെയാകും ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിന് ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് നിദാഹാസ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. മാര്‍ച്ച് അറ് മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here