മധുവിന്റെ കൊലപാതകം കൈയ്യബദ്ധമല്ല, ആസൂത്രിതം തന്നെ; മു‍ഴുവന്‍ പ്രതികളും അറസ്റ്റില്‍; മരണകാരണം ആന്തരികരക്തസ്രാവം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ മു‍ഴുവന്‍ പ്രതികളും അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് 16 പ്രതികളാണുള്ളത്.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തതെന്ന് തൃശൂര്‍ റേഞ്ച് ഐജി പറഞ്ഞു. ഇനി നാലു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും  ഐജി അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലക്കുറ്റം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോവല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍ ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളും പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും വനത്തില്‍ അതിക്രമിച്ച് കയറിയതിന് വനസംരക്ഷണ നിയമത്തിലെയും വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും.

ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന് മധു മരിക്കുംമുന്‍പ് മൊഴി നല്‍കിയിരുന്നു. കള്ളനെന്ന് പറഞ്ഞാണ് സംഘം തന്നെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തതെന്ന് മധു മൊഴി നല്‍കിയിരുന്നു.


അതേസമയം, മധു മരിച്ചത് തലയ്ക്ക് ഗുരുതരമായ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മര്‍ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. മര്‍ദനത്തിന്റെ ആഘാതത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

മന്ത്രിമാരായ എകെ ബാലന്‍, കെകെ ശൈലജ ടീച്ചര്‍, വിഎസ് സുനില്‍കുമാര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍, എംബി രാജേഷ് എംപി, പികെ ബിജു എംപി തുടങ്ങി നിരവധി പേര്‍ പോസ്റ്റ്‌മോര്‍ട്ടം നടന്ന തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു.

തൃശൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വ്യാഴാഴ്ചയാണ് കടുകുമണ്ണ ഊരിലെ മല്ലിമല്ലന്‍ ദമ്പതികളുടെ മകന്‍ മധു മര്‍ദ്ദനത്തെത്തുടര്‍ന്ന കൊല്ലപ്പെട്ടത്. ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here