ദുബായ് മനുഷ്യക്കടത്ത്: ഏഴ് പ്രതികള്‍ക്ക് തടവുശിക്ഷയും പിഴയും

ദുബായ് മനുഷ്യക്കടത്ത് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്ക് തടവുശിക്ഷയും പിഴയും വിധിച്ചു. നാല് പ്രതികള്‍ക്ക് 10 വര്‍ഷം തടവും മൂന്ന് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവുമാണ് കൊച്ചി സിബിഐ കോടതി വിധിച്ചത്. ആറ് പ്രതികളെ കോടതി വെറുതെ വിട്ടു.

സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി വ്യാജയാത്രാ രേഖകള്‍ ചമച്ച് മലയാളി യുവതികളടക്കമുളളവരെ പെണ്‍വാണിഭത്തിനായി വിദേശത്തേക്ക് കടത്തിയ കേസിലാണ് കൊച്ചി സിബിഐ കോടതിയുടെ സുപ്രധാന വിധി. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്കും ഏഴാം പ്രതിക്കും 10 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.

കേസിലെ മുഖ്യപ്രതി കൊടുങ്ങല്ലൂര്‍ വലപ്പാട് സ്വദേശി കെ വി സുരേഷ്, ലിസി സോജന്‍, സേതുലാല്‍, എംപി മനീഷ് എന്നിവര്‍ക്കാണ് പത്ത് വര്‍ഷം തടവ് ശിക്ഷ. ആദ്യ മൂന്ന് പ്രതികള്‍ വിദേശത്ത് പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നവരും ഏഴാം പ്രതി മനീഷ് കാവല്‍ക്കാരനുമായിരുന്നു. അനില്‍കുമാര്‍, ബിന്ദു, ശാന്ത, എന്നീ നാല് മുതല്‍ ആറ് വരെയുളള പ്രതികളാണ് കേരളത്തില്‍ മനുഷ്യക്കടത്തിനായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഇവര്‍ക്ക് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 16 പേര്‍ പ്രതികളായ കേസില്‍ ആറ് പേരെ കോടതി വെറുതെ വിട്ടു. പി എ റഫീക്ക്, രമേശ് എന്നിവരെ മാപ്പുസാക്ഷികളാക്കി. 15ാം പ്രതി ഷീല ഇപ്പോഴും ഒളിവിലാണ്. പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റിനെക്കുറിച്ച് പുറംലോകം അറിയുന്നത്.

മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്ത് എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പെണ്‍വാണിഭ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. മസ്‌ക്കറ്റ്, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് യുവതികളെ കടത്തിയിരുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 5 കേസുകളില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

പ്രസിക്യൂഷന്‍ 73 സാക്ഷികളെയും പ്രതിഭാഗം ഏഴ് സാക്ഷികളെയും വിസ്തരിച്ചു. 50 രേഖകളും പരിശോധിച്ചു. 2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ ശേഷമാണ് സിബിഐയ്ക്ക് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News