അരങ്ങൊഴിഞ്ഞത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍

ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. ഇന്ത്യന്‍ സിനിമയിലെ വനിതാ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീദേവി എണ്‍പതുകളില്‍ കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പര്യായമായിരുന്നു.

നാലാം വയസ്സില്‍ സിനിമാ ലോകത്ത് ചുവടുവെച്ച ശ്രീദേവി വിവിധ ഭാഷകളില്‍ തന്റെ അഭിനയ വിസ്മയം തീര്‍ത്തു. മകള്‍ ജാഹ്നവിയുടെ സിനിമാ അരങ്ങേറ്റത്തിന് കാത്ത് നില്‍ക്കാതെയാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിടപറച്ചില്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് ശ്രീദേവി (54)യുടെ അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി 11.30 നോടെയായിരുന്നു മരണമെന്ന് സഞ്ജയ് പറഞ്ഞു. ദുബൈയില്‍ നിന്നും മുംബൈയിലെത്തിയ സഞ്ജയ് കപൂര്‍ വിവരമറിഞ്ഞു തിരികെ ദുബൈയിലേക്ക് തിരിച്ചിരിക്കയാണ്.

ഹിന്ദി, മലയാളം, തമിഴ്, ഉര്‍ദ്ദു, തെലുഗ്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രീദേവി ബാലതാരമായാണ് അഭിനയ രംഗത്തേക്ക് വന്നത് . ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചട്ടുണ്ട്. ഹിന്ദിയില്‍ ചാന്ദിനി, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഹിമ്മത്‌വാല, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായും ജനഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള നടിയാണ് ശ്രീദേവി.

1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

ശ്രീദേവി പ്രമുഖ ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവായ ബോണി കപൂറുമായി വിവാഹം ചെയ്തു. ഇവര്‍ക്ക് ജാന്‍വി, ഖുശി എന്നീ രണ്ട് പെണ്‍ കുട്ടികളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here