ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. എന്നാല്‍ സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായില്ല.

ഇന്നലെ രാത്രി 11.30 യോടെ യു എ ഇയിലെ റാസല്‍ഖൈമയില്‍ വെച്ചായിരുന്നു മരണം. മൃതദേഹം ദുബായില്‍ നിന്നും ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലുമുള്ള  ശ്രീവിദ്യയുടെ വീട്ടിലേക്ക് രാവിലെയോടെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി 11.30 നോടെയായിരുന്നു മരണമെന്ന് സഞ്ജയ് പറഞ്ഞു. ദുബൈയില്‍ നിന്നും മുംബൈയിലെത്തിയ സഞ്ജയ് കപൂര്‍ വിവരമറിഞ്ഞു തിരികെ ദുബൈയിലേക്ക് തിരിച്ചിരിക്കയാണ്.

ഹിന്ദി, മലയാളം, തമിഴ്, ഉര്‍ദ്ദു, തെലുഗ്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രീദേവി ബാലതാരമായാണ് അഭിനയ രംഗത്തേക്ക് വന്നത് . ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചട്ടുണ്ട്. ഹിന്ദിയില്‍ ചാന്ദിനി, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഹിമ്മത്‌വാല, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായും ജനഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള നടിയാണ് ശ്രീദേവി.

1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

ശ്രീദേവി പ്രമുഖ ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവായ ബോണി കപൂറുമായി വിവാഹം ചെയ്തു. ഇവര്‍ക്ക് ജാന്‍വി, ഖുശി എന്നീ രണ്ട് പെണ്‍ കുട്ടികളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here