അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലപാതകം നടുക്കമുളവാക്കുന്നതും അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. കൊലചെയ്യപ്പെട്ട മധു മനോനില തകരാറിലായ ഒരു ആദിവാസിയുവാവാണ് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.

ഒരിക്കലും വച്ചുപൊറുപ്പിക്കാനാവാത്തതും മുളയിലേ നുള്ളേണ്ടതുമാണ് ഈ നൃശംസത. കൊല്ലും മുമ്പ് ഈ നിസ്സഹായനായ മനുഷ്യനെ കൈകാലുകള്‍ ബന്ധിച്ച് സെല്‍ഫിയെടുത്ത അക്രമികളുടെ ക്രൂരത ചോരമരവിപ്പിക്കുന്നതാണ്. രാജസ്ഥാനിലെ അഫ്രാസുളിന്റെ കൊലയെയും പ്രതികളുടെ ക്രൂരതയെയും ഇത് അനുസ്മരിപ്പിക്കുന്നു. കേരളത്തെ ഉത്തരേന്ത്യയാക്കി മാറ്റിക്കൂടായെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

നമ്മുടെ നാടിന്റെ ജനാധിപത്യബോധത്തിനും പ്രബുദ്ധതക്കും നീതിബോധത്തിനും നേരെയുള്ള ആക്രമണമാണിത്. ഹിംസയെ ജീവിതമൂല്യമാക്കി മാറ്റുന്ന സെല്‍ഫി സംസ്‌കാരം ഭയം ജനിപ്പിക്കുന്നു. ഈ പ്രവണതകള്‍ എന്തുകൊണ്ട് വളര്‍ന്നുവരുന്നുവെന്നും കാരണങ്ങളെന്തൊക്കെയെന്നും വിശദമായി വേറെ ചര്‍ച്ചചെയ്യേണ്ടതുണ്ട്.

ആള്‍ക്കൂട്ട മന:ശാസ്ത്രവും സമൂഹത്തിന്റെയാകെ മനോഭാവത്തില്‍ ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ദുര്‍ബ്ബലരോടുമെല്ലാമുള്ള അവജ്ഞയും വെറുപ്പും ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണതകളും ഗൗരവമായി വിശകലനം ചെയ്യേണ്ടതുണ്ടെങ്കിലും ഇപ്പോള്‍ അതിനുമുതിരുന്നില്ല.

അടിയന്തിരമായി വേണ്ടത് കുറ്റവാളികളെ ഉടന്‍ പിടികൂടുക എന്നതാണ്. ചില പ്രതികളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പട്ടികജാതിപട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി ഏ.കെ.ബാലനും കര്‍ശനനടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയും ഏ.കെ.ബാലനുമായും ഇത് സംബന്ധിച്ച് ഞാന്‍ നേരിട്ട് സംസാരിക്കുകയുണ്ടായി.

കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി ഇത്തരമൊരു ദാരുണാനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള കടുത്ത നടപടി തന്നെ ഉണ്ടാവണം. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പിക്കാവുന്ന പഴുതടച്ച അന്വേഷണം പോലീസ് നടത്തണം. മാപ്പര്‍ഹിക്കാത്ത ഈ കൊടുംപാതകത്തിനുത്തരവാദികളായ ഒരാളും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടരുത്.

ആള്‍ക്കൂട്ടം നീതി നടപ്പാക്കുന്ന ഉത്തരേന്ത്യന്‍ അരാജകത്വം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നാമോരുരുത്തരും ഉറപ്പുവരുത്തണം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കാന്‍ ജനാധിപത്യവാദികളാകെ മുന്നോട്ടു വരികയും വേണം.