അരങ്ങൊ‍ഴിഞ്ഞത് മലയാളത്തിന്‍റെ “ശ്രീ”

മലയാളം സിനിമ എനിക്ക് ഏറെ ഇഷ്ടമാണ്. സ്വാഭാവികമായ അഭിനയവും ജീവിതത്തോടു ചേര്‍ന്നുനില്‍ക്കുന്ന കഥകളും ഇത്രയേറെ, മറ്റേതെങ്കിലും ഭാഷയിലുണ്ടെന്നു തോന്നുന്നില്ല. അടുത്തിടെ മലയാള സിനിമാലോകത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞത് ഇങ്ങനെയായിരുന്നു.

ബോളിവുഡിന്റെ നായികാ സിംഹാസനത്തില്‍ റാണിയായി വാഴുമ്പോഴും മലയാളത്തിന് ശ്രീദേവി മരുമകളായിരുന്നില്ല, അവര്‍ മലയാളത്തിന് മകള്‍ തന്നെയായിരുന്നു. ഹിന്ദിയില്‍ തിരക്കേറിയ താരമായപ്പോഴും അഭിനയത്തില്‍ മികച്ച അവസരങ്ങള്‍ നല്‍കിയ മലയാള സിനിമയെ അവര്‍ മനസോട് ചേര്‍ത്തുവെച്ചിരുന്നു.

ബാലതാരമായി തുടങ്ങി മലയാള സിനിമയില്‍ നായികയായ ശ്രീദേവിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളത്തിലും തമിഴകത്തിലും ഒരുപോലെ ശോഭിച്ച ശേഷമാണ് അവര്‍ ബോളിവുഡിന്റെ നായികാ സിംഹാസനം അവരെ തേടിയെത്തിയത്. കുമാരസംഭവം എന്ന ചിത്രത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം.

തമിഴില്‍ അരങ്ങേറ്റം കുറിച്ച 1969ല്‍ തന്നെയായിരുന്നു ശ്രീദേവിയുടെ മലയളത്തിലേക്കുള്ള കാലുവെയ്പ്പും. തൊട്ടടുത്ത വര്‍ഷം സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തില്‍ രാമ്മന്ന എന്ന ബാലകഥാപത്രത്തെയും അവര്‍ അവതരിപ്പിച്ചു. 1971ല്‍ ബി.ക. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് അവര്‍ക്ക് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

തുടര്‍ന്ന് കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, അരവിന്ദ് സ്വാമി നായകനായ ദേവരാഗം ഉള്‍പ്പെടെ 26 മലയാള ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. മലയാളത്തെയും മലയാള സിനിമയെയും വലിയ ഇഷ്ടമായിരുന്നു ശ്രീദേവിക്ക്.

മലയാളസിനിമയ്ക്ക് തന്റെ വളര്‍ച്ചയുല്‍ വലിയ പങ്കുണ്ടെന്നും അവര്‍ പറയുമായിരുന്നു. അപ്രതീക്ഷിത മരണം ശ്രീദേവിയെന്ന പ്രതിഭയെ കവര്‍ന്നെടുക്കുമ്പോഴും സിനിമയെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തില്‍ ശ്രീദേവിയെന്ന അതുല്യ പ്രതിഭ മായാതെ തന്നെ നില്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News