ചലച്ചിത്രതാരം ശ്രീദേവി (54) അന്തരിച്ചു. ബോളിവുഡ് നടന് മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
ശ്രീദേവി അവസാനമായി പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി രാത്രി 11.30 ന് ദുബായില്‍വച്ചായിരുന്നു അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.
നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്ത് ചുവടുവെക്കുന്നത്. തുടര്‍ന്ന് ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ട ശ്രീദേവി അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളാണ്.
1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെ 2013 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു.
മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്, സത്യവാന് സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. ജാഹ്നവി, ഖുഷി എന്നിവരാണ് മക്കള്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here