കോടിയേരി കൊടിയേന്തും; സിപിഐഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ രണ്ടാമൂ‍ഴം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ പിറവികൊണ്ട കണ്ണൂരില്‍ നിന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറിയായി കോടിയേരിബാലകൃഷ്ണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ഉജ്വലമായ നേതൃപാടവത്തിനുള്ള അംഗീകാരം കൂടിയായാണ്.

തലശ്ശേരിയ്ക്കടുത്ത് കോടിയേരിയില്‍ 1953 നവംബര്‍ 16 നാണ് കോടിയേരി ബാലകൃഷ്ണന്‍ ജനിച്ചത്. സമരവും ത്യാഗവും ജയില്‍ വാസവുമെല്ലാം നിറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജിവിതം ആരംഭിക്കുന്നത് ഓണിയന്‍ സ്‌കൂളില്‍ കെ എസ് എഫിന്റെ യൂണിറ്റ് സെക്രട്ടറിയായാണ്.

പിന്നീട് കെ എസ് എഫ് ജില്ലാ പ്രസിഡന്റായ കോടിയേരി എസ് എഫ് ഐ രൂപീകരിക്കപ്പെട്ട ശേഷം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോ.സെക്രട്ടറിയുമായി. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1970 ലാണ് കോടിയേരി പാര്‍ട്ടി അംഗമാകുന്നത്.

20 ാം വയസ്സില്‍ സിപിഐം കോടിയേരി ലോക്കല്‍ സെക്രട്ടറിയായി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വന്ന കോടിയേരി ബാലകൃഷ്ണന്‍ 1987ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.

പത്താം ക്ലാസ് പരീക്ഷ എഴുതി വീട്ടിലേക്ക് വരുന്ന വഴി ആര്‍ എസ് എസുകാര്‍ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കോടിയേരി ബാലകൃഷ്ണന് അടിയന്തരാവസ്ഥയുടെയും വര്‍ഗ്ഗീയ വലതുപക്ഷ ശക്തികളുടെയും നിരന്തര വേട്ടയാടലുകള്‍ക്ക് ഇരയാകേണ്ടി വന്നു.

അടിയന്തരാവസ്ഥക്കാലത്ത് 16 മാസമാണ് മിസ തടവുകാരനായി കോടിയേരിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നത്.പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും നേതൃപാടവത്തോടെ നിര്‍വഹിച്ച കോടിയേരി 1988 ല്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയിലേക്കും 1994 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

2003 ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലെത്തിയ അദ്ദേഹം 2008 ല്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാനസമ്മേളനത്തിലായിരുന്നു കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറിയാകുന്നത്.

പാര്‍ട്ടി രംഗത്തെന്നപോലെ പാര്‍ലമെന്റെറി രംഗത്തും തന്റെ മികവ് കാട്ടിയ കോടിയേരി 1982 ല്‍ തലശ്ശേരിയില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. 5തവണ എംഎല്‍ എ യായ കോടിയേരി രണ്ടുതവണ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചു.

2006ല്‍ വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായി പ്രവര്‍ത്തിച്ച കോടിയേരി, നടപ്പിലാക്കിയ ജനമൈത്രി പോലീസ് ഇന്നും അദ്ദേഹത്തിന്റെ ഭരണമികവിന്റെ സാക്ഷ്യപ്പെടുത്തലാണ്.കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോടിയേരിയുടെ നേതൃപാടവത്തിന്റെ കരുത്തുംകൊണ്ട് കൂടിയാണ് 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുന്നത്. കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയാകുമെന്നുറപ്പായതോടെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിക്കെതിരായ മാധ്യമ വേട്ട കൂടുതല്‍ ശക്തമാകുന്ന കാഴ്ചകള്‍ക്കായിരുന്നു രാഷ്ട്രീയകേരളം സാക്ഷ്യം വഹിച്ചത്.

അപസര്‍പ്പകഥകളെ വെല്ലുന്ന നിരവധി കഥകളാണ് കോടിയേരിയെയും പാര്‍ട്ടിയെയും ലക്ഷ്യം വച്ച് മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ പാര്‍ട്ടി സെക്രട്ടറിയെത്തന്നെ ആദ്യം തകര്‍ക്കണമെന്ന മാധ്യമ അജണ്ടയുടെ മുനയൊടിച്ചുകൊണ്ടാണ് കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

കോടിയേരിക്കെതിരായ മാധ്യമ വേട്ടയാടലുകള്‍ക്കിടയില്‍ പാര്‍ട്ടി അദ്ദേഹത്തിലര്‍പ്പിച്ച വിശ്വാസത്തിന്റെ അടയാളം കൂടിയാണ് വീണ്ടുമുള്ള സംസ്ഥാനസെക്രട്ടറി പദം. സംസ്ഥാനസമ്മേളനം തൃശ്ശൂരില്‍ അവസാനിക്കുന്നതോടെ കോടിയേരിയെ കാത്തുനില്‍ക്കുന്നത് ബിജെപിയും കോണ്‍ഗ്രസും ഇരുവശങ്ങളില്‍ നിന്നുമുയര്‍ത്തുന്ന വ്യത്യസ്തങ്ങളായ വെല്ലുവിളികളാണ്.

ഈ വെല്ലുവിളികളെ സംസ്ഥാനസെക്രട്ടറിയായ കോടിയേരിക്ക് രാഷ്ട്രീയജിവിതത്തില്‍ നേടിയ അനുഭവങ്ങളുടെ കരുത്തില്‍ മറികടക്കാനാകുമെന്ന് ഓരോ പാര്‍ട്ടി അണികള്‍ക്കും ആത്മവിശ്വസത്തോടെ പ്രത്യാശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News