തൃശൂര്‍: ബിജെപി ആര്‍എസ്എസ് കൂട്ടുക്കെട്ടിലുള്ള കേന്ദ്രഭരണത്തെ പരാജയപ്പെടുത്തുകയാണ് സിപിഐ എമ്മിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനു വേണ്ടി മതേതര ശക്തികളെ ഏകോപിപിച്ച് മതനിരപേക്ഷ വോട്ടുകള്‍ ഏകീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും, ഹൈദരബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ രാഷ്ട്രീയ പ്രമേയത്തിന് മൂര്‍ത്ത രൂപം നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം, രാജ്യത്ത് ഹിന്ദു മുസ്ലിം വിഭാഗീയത ഉണ്ടാക്കി ഭരണഘടന അട്ടിമറിക്കാനാണ് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹിന്ദു മിത്തോളജിയാണ് രാജ്യത്തിന്റെ സംസ്‌കാരമെന്ന് ബിജെപി പ്രചരിപ്പിക്കുന്നു.

ഇതിനു വേണ്ടി സര്‍വ സന്നാഹവും അവര്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ സര്‍വകലാശാലകള്‍, സിനിമകള്‍, ടിവി സീരിയലുകള്‍ എന്നിവ പോലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിനായി അവര്‍ ഉപയോഗിക്കുന്നു.ആര്‍ എസ് എസിന്റെ പ്രഖ്യാപിത ശത്രുക്കളായ മുസ്ലിം, ക്രിസ്റ്റ്യന്‍, കമ്യൂണിസ്റ്റ് എന്നിവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനുവേണ്ടി പ്രത്യേകം സംഘങ്ങള്‍ ആണ് അക്രമണം നടത്തുന്നത്.

ഭരണകൂടം സര്‍വ മേഖലയിലും ഇടപെടുന്ന കാലത്താണ് നാം ജീവിക്കുന്നത്, സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സിനിമ എന്നിവയിലെല്ലാം ശക്തമായി ഇടപെടല്‍ ബിജെപി നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ കൈകടത്താനുള്ള ശ്രമങ്ങളാണ് നടന്നിട്ടുള്ളത്. നീതിന്യായ വ്യവസ്ഥയെ സുതാര്യമായി മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത സഹചര്യമാണ് നിലവിലുള്ളത്. സുപ്രീകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യ പ്രസ്താവന നടത്തിയത് ഇതിനുദാഹണമാണ്.

രാജ്യം ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കയ്യിലാണ്. ജിഡിപിയുടെ 73 ശതമാനവും കൈവശം വെച്ചിരിക്കുന്നത് രാജ്യത്തെ ഒരു ശതമാനം വരുന്ന കോര്‍പ്പറേറ്റുകളാണ്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ 49 ശതമാനമായിരുന്നതാണ് ബിജെപി ഭരണത്തില്‍ 73 ശതമായി ഉയര്‍ന്നത്. ഇത് രാജ്യത്തെ കര്‍ഷകരെ പെരുവഴിലാക്കി, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. കോര്‍പ്പറേറ്റുകളുടെ 2 .40 ലക്ഷം കോടി രൂപ എഴുതിതള്ളിയ മോഡിസര്‍ക്കാര്‍ 80000 കോടി രൂപ വരുന്ന കര്‍ഷക കടം എഴുതിതള്ളാന്‍ തയ്യാറാകുന്നില്ല.

രാജ്യത്ത് ഇപ്പോള്‍ നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി എന്നീ സഖ്യമാണ് നിലനില്‍ക്കുന്നത്. കള്ളപ്പണക്കാരുടെ ഇടനിലക്കാരാനായി മോഡി മാറിയിരിക്കുകയാണ്. മോഡി സ്വപ്നങ്ങളുടെ വ്യാപാരിയാണ്, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നു പറഞ്ഞ് മോഡി സ്വപനങ്ങള്‍ വില്‍ക്കുകയാണ് , എന്നാല്‍ ഒരു സ്വപ്നവും നടക്കുന്നില്ല.

വിദേശ യാത്രകള്‍ നടത്തുന്ന മോഡി കൂടെ കൊണ്ടു പോകുന്നവരുടെ വിവരങ്ങള്‍ ഒന്നും പുറത്ത് വിടുന്നില്ല. ഇത് പുതിയൊരു അഴിമതിയാണ്. കര്‍ശകരേയും സാധാരണക്കാരേയും അപകടത്തിലേക്ക് തള്ളി വിടുന്ന ആ സാഹചര്യത്തിനെതിരെ പ്രതിഷേധം ശക്തമാകണമെന്ന് യെച്ചൂരി പറഞ്ഞു.

രാജ്യത്തിന് മുന്നില്‍ മാതൃകയാണ് കേരളം, ഇവിടെ ഇഷ്ടമുള്ളത് എന്തു കഴിക്കാം. നല്ല രീതിയില്‍ ജീവിക്കാം ഈ സാഹചര്യം അട്ടിമറിക്കാനാണ് ബിജെപി കിണഞ്ഞു ശ്രമിക്കുന്നത്. അതിനു വേണ്ടിയാണ് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിടുന്നത്. എന്നാല്‍ രാഷ്ട്രീയ അക്രമം സിപി ഐ എമ്മിന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ല. ബിജെപി നടത്തുന്ന ആക്രമണങ്ങലെ ബഹുജനങ്ങളെ അണിനിരത്തി കൊണ്ട് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ആണ് സിപി ഐ എം ശ്രമം. യെച്ചൂരി പറഞ്ഞു.