ചുവന്നു ജ്വലിച്ച് പൂരനഗരി; ചുട്ടുപൊള്ളുന്ന വെയിലിനെ പരാജയപ്പെടുത്തി ഇരമ്പിയാര്‍ത്ത മുദ്രാവാക്യങ്ങളുടെ ആവേശം; സമ്മേളനം വന്‍വിജയമാക്കിയ സഖാക്കള്‍ക്ക് അഭിവാദ്യങ്ങളര്‍പിച്ച് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സിപിഐഎം സംസ്ഥാനസമ്മേളനത്തില്‍ പാര്‍ട്ടിയുടെ സംഘടനാചിട്ടയ്ക്കനുസരിച്ച് തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തകരെ അണിനിരത്തിയ തൃശൂര്‍ ജില്ലാ കമ്മിറ്റിയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി തോമസ് ഐസക്ക്.

മന്ത്രി തോമസ് ഐസക്ക് പറയുന്നത് ഇങ്ങനെ:

അത്യുജ്ജ്വലമായ ബഹുജനപ്രവാഹം. അതിഗംഭീരമായ സംഘാടന മികവ്.

പൊരിവെയിലിനെ കൂസാതെ അടിവെച്ച് അണിനിരന്നത് കാല്‍ലക്ഷത്തിലേറെ റെഡ് വോളണ്ടിയര്‍മാര്‍. പൊതുസമ്മേളനത്തിന് ഇരമ്പിയെത്തിയത് ജനസാഗരം. കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ സംഘടനാചിട്ടയ്ക്കനുസരിച്ച് തികഞ്ഞ അച്ചടക്കത്തോടെ അവരെ അണിനിരത്തിയ തൃശൂര്‍ ജില്ലാ കമ്മിറ്റിയ്ക്ക് അഭിവാദ്യങ്ങള്‍.

അക്ഷരാര്‍ത്ഥത്തില്‍ ചുവന്നു ജ്വലിക്കുകയായിരുന്നു തൃശൂര്‍ നഗരം. ചുട്ടുപൊള്ളുന്ന വെയിലിനെ ഇരമ്പിയാര്‍ത്ത മുദ്രാവാക്യങ്ങളുടെ ആവേശം പരാജയപ്പെടുത്തി. സ്വയാര്‍ജിത അച്ചടക്കവും മാനം മുട്ടുന്ന ആവേശവും സമജ്ഞസമായി തേക്കിന്‍കാടു മൈതാനത്തു സമ്മേളിച്ചു. എന്നെ ഏറ്റവും ആകര്‍ഷിച്ചത് വോളണ്ടിയര്‍മാരുടെ സമീപനമാണ്.

പാര്‍ടി സഖാക്കളോടുള്ള സ്‌നേഹബഹുമാനങ്ങള്‍ അവരുടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ തികഞ്ഞ സമഭാവനയോടെ അവര്‍ പാര്‍ടി സഖാക്കളെ സ്വീകരിച്ചു. മാതൃകയാക്കേണ്ടതാണ് ആ ആതിത്ഥ്യമര്യാദ.

ചരിത്രസംഭവമാകുന്ന ഈ മഹാസമ്മേളനം പാര്‍ടി സഖാക്കളില്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തവും മഹത്താണ്. ഭവനരഹിതര്‍ക്ക് സംസ്ഥാനമൊട്ടാകെ രണ്ടായിരം വീടുകള്‍ നിര്‍മ്മിക്കാന്‍ പാര്‍ടി തീരുമാനിച്ചിട്ടുണ്ട്.

ഒരു ലോക്കല്‍ കമ്മിറ്റി ഒരു വീടെങ്കിലും ഇത്തരത്തില്‍ നിര്‍മ്മിക്കണം. ഹരിതകേരളം പദ്ധതിയോട് അനുബന്ധിച്് കുളങ്ങളും തോടുകളഉം മാലിന്യമുക്തമാക്കണം. ഒരു ജില്ലയില്‍ ഒരു പുഴയെങ്കിലും മാലിന്യത്തില്‍ നിന്ന് മോചനം നേടണം. ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കണം.

നാടിന്റെ പൊതുവികസനത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തെ കൂടുതല്‍ ജനകീയമാക്കാനുള്ള തീരുമാനങ്ങളുമായാണ് സിപിഎം മുന്നോട്ടു പോകുന്നത്. സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതും സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണവുമൊക്കെ പാര്‍ടി പ്രവര്‍ത്തകരുടെ ചുമതലയാണ്.

ഓരോന്നിനും എന്തൊക്കെയാണ് വേണ്ടത് എന്ന് ആലോചിക്കാനും തീരുമാനിക്കാനും പരിമിതികള്‍ പരിഹരിക്കാനും പാര്‍ടി സഖാക്കള്‍ക്കു കഴിയണം.

സാന്ത്വനപരിചരണരംഗത്ത് ഇപ്പോള്‍ത്തന്നെ പാര്‍ടി സഖാക്കള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊരു പൊതു സംഘടനാരൂപവും ചുമതലയുമൊക്കെ വരികയാണ്.

അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം നല്‍കാന്‍ ഒരു ലോക്കലില്‍ പത്തു വോളണ്ടിയര്‍മാരെ സജ്ജമാക്കാനാണ് പാര്‍ടി തീരുമാനിച്ചിട്ടുള്ളത്. ഈ രംഗത്ത് ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ടിയ്ക്കു കഴിയും. അതുപോലെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയില്‍ ഇടപെടാനുള്ള തീരുമാനവും.

ഈ പ്രവര്‍ത്തനങ്ങളെല്ലാം മാതൃകാപരമായി ഏറ്റെടുക്കാന്‍ നമുക്കു കഴിയണം. സമ്മേളനം വന്‍വിജയമാക്കാന്‍ അഹോരാത്രം യത്‌നിച്ച എല്ലാ പാര്‍ടി സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News