ദില്ലി: ദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാരി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് പരാതി ലഭിച്ചത്. മന്ത്രാലയം ഇത് പരിശോധിച്ചു വരികയാണെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്ഭവനിലെ വനിതാ ജീവനക്കാരിയോട് ഇംഗിതത്തിന് വഴങ്ങാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി. രാജ്യത്തിന് നാണകേട് ഉണ്ടാക്കിയ ഗവര്‍ണര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നിലാണ് ഉള്ളത്.

ഗവര്‍ണ്ണറുടെ പേര് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരസ്യമാക്കിയിട്ടില്ല. എന്നാല്‍ രാഷ്ട്രീയ അസ്ഥിരതയുള്ള സംസ്ഥാനമെന്നാണ് അറിയുന്നത്.

നേരത്തെ മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണ്ണര്‍ പദവി വഹിച്ച ശേഷമാണ് ഇപ്പോഴത്തെ സംസ്ഥാനത്ത് എത്തിയത്. രാജ്ഭവന്‍ വനിതാ ജീവനക്കാരി നല്‍കിയ പരാതി ആഭ്യന്തരമന്ത്രാലം രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. ലൈംഗികാരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്നും പരിശോധിക്കുന്നു.

ആരോപണവിധേയനെ ഇത് വരെ ആഭ്യന്തര മന്ത്രാലയം വിളിച്ച് വരുത്തിയിട്ടില്ല. എന്നാല്‍ ഇയാളോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടേയ്ക്കും. വാര്‍ത്തകളെ സംബന്ധിച്ച് പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല.

നേരത്തെ, ലൈംഗികാരോപണത്തെ തുടര്‍ന്ന് മേഘാലയ മുന്‍ ഗവര്‍ണര്‍ വി.ഷണ്‍മുഗനാഥന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രാജി വച്ചിരുന്നു. ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിക്കെതിരെയും 2009ല്‍ ലൈംഗികാരോപണ പരാതി ഉയരുകയും സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.