സൊഹ്‌റാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പുതിയ സിംഗിള്‍ ബെഞ്ചിലേക്ക് മാറ്റി

ദില്ലി: സൊഹ്‌റാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പുതിയ സിംഗിള്‍ ബെഞ്ചിലേക്ക് മാറ്റി ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.

ഐ പിഎസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് പുതിയ സിംഗിള്‍ ബഞ്ച് വാദം കേള്‍ക്കുക. അഞ്ച് ഹര്‍ജികളില്‍ നാലിലും വാദം കേള്‍ക്കുകയും സിബിഐക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ജഡ്ജി രേവതി മോഹിതിനെയാണ് മാറ്റിയത്.

സൊഹ്‌റാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് നാളെ മുതല്‍ ബോംബെ ഹൈക്കോടതിയുടെ പുതിയ സിംഗിള്‍ ബെഞ്ചില്‍ വാദം കേള്‍ക്കാന്‍ ഉത്തരവായത്. ഉദ്യോഗസ്ഥരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് സൊഹ്‌റാബുദ്ദിന്റെ സഹോദരന്റെ അടക്കം അഞ്ച് ഹര്‍ഗികളാണ് കോടതിയുടെ പരിഗണനയില്‍.

ഇതില്‍ നാല് ഹര്‍ജികളിലും വാദം കേട്ട ജിസ്റ്റിസ് രേവതി മോഹിത്തിനെയാണ് ഇപ്പോള്‍ മാറ്റിയത്. മൂന്നു മാസം മുന്നേ കേസില്‍ വാദം കേട്ടുതുടങ്ങിയ ജസ്റ്റിസ് രേവതി സിബിഐക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക തെളിവുകള്‍ പോലും ഹാജരാക്കാന്‍ സിബിഐ പരാജയപ്പെട്ടെന്നും ജസ്റ്റിസ് രേവതി ചൂണ്ടിക്കാട്ടി.
ഇതിനു പിന്നാലെയാണ് പുതിയ ബെഞ്ചിലേക് കേസ് മാറ്റിയുള്ള ഉത്തരവ്. കോടതിക്ക് മുന്നില്‍ തെളിവുകള്‍ ഹാജരാക്കേണ്ടത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്തം ആണെന്നും, എന്നാല്‍ കോടതി പല ആവര്‍ത്തി ചോദിച്ചിട്ടും സിബിഐ തെളിവികള്‍ ഹാജരാക്കാന്‍ തയ്യാറായില്ല.

അതിന് പകരം ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് വാദിക്കുകയാണ് ചെയ്‌യുന്നതെന്നുമാണ് ജസ്റ്റിസ് രേവതിയുടെ വിമര്‍ശനം.

വിചാരണ വേളയില്‍ നിരവധി സുപ്രധാന സാക്ഷികള്‍ ഒന്നിനുപുറകെ ഒന്നായി കൂറുമാറിയപ്പോള്‍, എന്തൊകൊണ്ടാണ് സാക്ഷികള്‍ക്ക് വേണ്ടുന്ന സുരക്ഷ ഉറപ്പാക്കാന്‍ സിബിഐക്ക് കഴിയാത്തതെന്നും ജസ്റ്റിസ് രേവതി ചോദ്യം ഉന്നയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണവും ഏറെ വിവാദമായ സഹചര്യത്തിലാണ് ബോംബെ ഹൈകോടതിയുടെ വിവാദ നടപടി. ജസ്റ്റിസ് രേവതിക്ക് പകരം എന്‍ ഡബ്ല്യൂ സാംബ്രെയാണ് നാളെ മുതല്‍ വാദം കേള്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here