കാര്‍ കടത്തിയ സി സി പിടിത്തക്കാര്‍; വായ്പയെടുത്ത കള്ളന്‍ കൂട്ടുകാരന്‍തന്നെ; നിലമ്പൂര്‍ കാര്‍ മോഷണത്തില്‍ വഴിത്തിരിവ്‌

മലപ്പുറം: നിലമ്പൂരില്‍ പണമെടുക്കാനായി എ ടി എമ്മില്‍ കയറിയ അധ്യാപികയുടെ കാറുമായി യുവാവ് കടന്ന സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. മോഷ്ടാവല്ല കാര്‍ കടത്തിക്കൊണ്ട്‌പോയതെന്നാണ് പോലിസിന്റെ പുതിയ കണ്ടെത്തല്‍.

വായ്പാകുടിശ്ശിക വരുത്തിയതിനാല്‍ വാഹനം പിടിച്ചെടുക്കുന്ന സി സി പിടിത്തക്കാരാണ് കാറ് കൊണ്ടുപോയത്. എന്നാല്‍ കാറിന് വായ്പയേ എടുത്തിട്ടില്ലെന്ന് അധ്യാപിക പറഞ്ഞതോടെ പോലിസ് വീണ്ടും കുഴങ്ങി. ഒടുവില്‍ അധ്യാപികയുടെ സുഹൃത്ത് വാഹനത്തിന്റെ രേഖകള്‍ കവര്‍ന്ന് വായ്പയെടുത്തതാണെന്ന് കണ്ടെത്തി.

നിലമ്പൂര്‍ ചന്തക്കുന്നില്‍ പെട്രോള്‍ പമ്പിന് സമീപത്തെ എ ടി എമ്മിനുമുമ്പില്‍ നിര്‍ത്തിയ കാര്‍ കഴിഞ്ഞദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് നഷ്ടമായത്. പണമെടുക്കാന്‍ കയറിയ അധ്യാപിക കാര്‍ അജ്ഞാതയുവാവ് ഓടിച്ചുപോവുന്നതാണ് കണ്ടത്.

അധ്യാപിക ബഹളം വെയ്ക്കുന്നത് കണ്ട് സമീപത്തുനിന്ന് വനിതാ എസ് ഐ ഉടനെ പോലിസില്‍ അറിയിച്ചെങ്കിലും മോഷ്ടാവിനെ കിട്ടിയില്ല. തുടര്‍ന്ന് സി സി ടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. അരീക്കോട്ടെ സി സി പിടുത്തക്കാരനെ പ്രദേശത്തുള്ളവര്‍ തിരിച്ചറിയുകയായിരുന്നു.

എന്നാല്‍ ഒമ്പതുവര്‍ഷം പഴക്കമുള്ള കാറിന് വായ്പയില്ലെന്ന് അധ്യാപിക തറപ്പിച്ചുപറഞ്ഞതോടെ വീണ്ടും കുഴങ്ങി. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്. കാറില്‍ത്തന്നെയാണ് അധ്യാപിക ആര്‍ സി ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ സുഹൃത്ത് വ്യാജ താക്കോല്‍ ഉപയോഗിച്ച് കാര്‍തുറന്ന് രേഖകള്‍ മോഷ്ടിച്ച് പണയം വെച്ചതായി കണ്ടെത്തി.

രേഖകളുടെ കളര്‍ പകര്‍പ്പ് ലാമിനേറ്റ് ചെയ്ത് പകരം വെച്ചതിനാല്‍ അധ്യാപിക സംശയിച്ചതുമില്ല. വിദേശത്തേക്കുകടന്ന ഇയാളെ പോലിസ് ബന്ധപ്പെട്ടപ്പോള്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ഇയാള്‍ വായ്പ ഉടനെ തിരിച്ചടയ്ക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും കാര്‍ ഇപ്പോഴും വീണ്ടെടുത്തിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News