രാജ്യത്തെ നിയമങ്ങള്‍ കര്‍ദ്ദിനാളിന് ബാധകമല്ലേ?; ചോദ്യശരങ്ങളുമായി ഹൈക്കോടതി

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് കോടതി.

ഭൂമിയിടപാടില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ അധികാരം മാര്‍പാപ്പയ്ക്ക് മാത്രമാണെന്ന കര്‍ദ്ദിനാളിന്റെ വാദത്തിനിടെയായിരുന്നു കോടതി പരാമര്‍ശം.

സീറോ മലബാര്‍ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. നോട്ട് നിരോധനം മൂലമാണ് ഉദ്ദേശിച്ച പണം ലഭിക്കാതിരുതെന്നും തനിക്കെതിരെ നിരവധി പേര്‍ മാര്‍പാപ്പയ്ക്ക് പരാതികള്‍ സമര്‍പ്പിച്ചതാണെന്നും എന്നാല്‍ തെറ്റുകാരനല്ലാത്തതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും കര്‍ദ്ദിനാള്‍ വാദിച്ചു.

തനിക്കെതിരെ നടപടി എടുക്കാനുള്ള അവകാശം മാര്‍പാപ്പയ്ക്ക് മാത്രമാണെന്നും കര്‍ദ്ദിനാള്‍ കോടതിയെ അറിയിച്ചു. കാനോനിക നിയമം അതാണ് പറയുന്നതെന്നുമായിരുന്നു വാദം. തുടര്‍ന്നാണ് കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നത്. രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് കോടതി ചോദിച്ചു. കര്‍ദ്ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തിയാല്‍  അതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു.

ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും. ബിഷപ് എന്നാല്‍ രൂപതയാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഭൂമി ഇടപാട് കേസില്‍വിശ്വാസ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോയെന്നാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സഭയുടെ സ്വത്തിന്മേല്‍ ആര്‍ക്കാണ് അവകാശം എന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്.

ബിഷപ്പുമാര്‍ മാറി മാറി വരുമെന്നും അല്‍മായ സമൂഹത്തിന്റേതാണ് സ്വത്തുക്കളെന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. തുടര്‍ന്ന് ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News