ശ്രീദേവിയുടെ ജീവിതത്തില്‍ വില്ലനായത് മദ്യം; മദ്യലഹരിയില്‍ ബോധരഹിതയായി ബാത്ത്ടബില്‍ വീണു; ശ്വാസകോശത്തില്‍ വെള്ളം കയറി മരണം; സംഭവിച്ചത് ഇതാണ്

ദുബായ്: നടി ശ്രീദേവിയുടെ മരണത്തിലെ ദുരഹതകള്‍ നീങ്ങുന്നു. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമല്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

മദ്യലഹരിയില്‍ ബോധരഹിതയായി ബാത്ത് ടബില്‍ വീണ ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയായിരുന്നു. ശ്വാസകോശത്തില്‍ വെള്ളംകയറിയതാണ് മരണത്തിലേക്ക് നയിച്ചത്.

ഇത് സംബന്ധിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട് ഗള്‍ഫ് ന്യൂസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുളിമുറിയില്‍ വീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദുബായില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി.

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ശ്രീദേവിയുടെ അവസാനനിമിഷങ്ങളെക്കുറിച്ചുള്ള ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴി നേരത്തെ പുറത്തു വന്നിരുന്നു.

അത് ഇങ്ങനെ:

സംഭവദിവസം, അത്താഴവിരുന്നിന് ക്ഷണിക്കാന്‍ ഹോട്ടല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന ശ്രീദേവിയെ ബോണി വിളിച്ചുണര്‍ത്തി.

തുടര്‍ന്ന് ശ്രീദേവി ശുചിമുറിയിലേക്ക് പോയി. എന്നാല്‍ 15 മിനിറ്റിന് ശേഷവും ശ്രീദേവി പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ബോണി വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു.

അപ്പോഴാണ് ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടെത്തിയത്. തട്ടി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെ, ബോണി തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ കുഴഞ്ഞ് വീണാണ് ശ്രീദേവി മരിച്ചതെന്നും ഇന്നലെ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News