മണ്ണാർക്കാട് മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ അഞ്ചു പേർ അറസ്റ്റിൽ; വിവരങ്ങള്‍ ഇങ്ങനെ

മണ്ണാർക്കാട് മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ അഞ്ചു പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭാ കൗൺസിലർ സിറാജുദീന്റെ മകൻ സഫീറിനെ കടയിൽ കയറി കുത്തിക്കൊന്ന കേസിൽ മണ്ണാർക്കാട് സ്വദേശികളായ മുഹമ്മദ് ബഷീർ , റാഷിദ് , സുബഹാൻ , അജീഷ്, ഷെർബിൽ എന്നിവരാണ് പിടിയിലായത്.

ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് ഇവർ. രാഷ്ടീയ കൊലപാതകമല്ലെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരെയും പിടികൂടണമെന്ന് സഫീറിന്റെ പിതാവ് സിറാജുദീൻ ആവശ്യപ്പെട്ടു.

പിടിയിലായവർ സി പി ഐ പ്രവർത്തകരാണെന്നും സി പി ഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. അതേ സമയം ആരോപണം സി പി ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ് ആരോപണം നിഷേധിച്ചു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം നടന്നു. ദേശീയ പാതയിൽ വാഹനഗതാഗതം പൂർണ്ണമായി തടഞ്ഞു. മാധ്യമ പ്രവർത്തകരുടെ വാഹനമടക്കം അടിച്ചു തകർത്തു.

രാത്രി വൈകി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെയെത്തിയ ദീർഘദൂര യാത്രക്കാരായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News