യാത്രക്കാര്‍ക്ക് താങ്ങായി ആരോഗ്യവകുപ്പിന്റെ ‘വ‍ഴികാട്ടി’ പദ്ധതി

യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായവുമായി ആരോഗ്യവകുപ്പിന്റെ ‘വഴികാട്ടി’ പദ്ധതി. അപകടത്തില്‍ പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആറ് ജില്ലകളില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതിക്ക് നാളെ തുടക്കമാകും. ആരോഗ്യ വകുപ്പ് നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് യാത്രക്കാര്‍ക്ക് സൗജന്യ അടിയന്തിര വൈദ്യസഹായം നല്‍കുന്ന വഴികാട്ടി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

ദീര്‍ഘദൂര യാത്രക്കാരെയും പ്രാദേശിക ജനവിഭാഗത്തേയും അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. അപകടത്തില്‍ പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയും ഇവിടെ പരിശോധിക്കാം. മാത്രമല്ല അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് ആവശ്യമായ പ്രത്യേക മുറിയും ഇവിടെയുണ്ടാകും. കൂടാതെ സ്ഥിരമായ പ്രതിരോധകുത്തിവയ്പ്പ്, പള്‍സ് പോളിയോ പ്രോഗ്രാം എന്നിവയുടെ സേവനവും ജനങ്ങള്‍ക്കായി ഉണ്ടാകും.

പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ്മാരുടെ ഒരു പ്രത്യേക സേന എല്ലായ്‌പ്പോഴും കേന്ദ്രത്തില്‍ ഉണ്ടാകും. ഭാഗീകമായി ഡോക്ടറുടെ സേവനവും. സംസ്ഥാനത്തെ 14 ജില്ലകളിലായി തിരക്കേറിയ ബസ് സ്റ്റാന്റ്, ബസ് ടെര്‍മിനല്‍, മൊബിലിറ്റി ഹബ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്ലാണ് ഈ പുതിയ സംരംഭം പ്രവര്‍ത്തനമാരംഭിക്കുക. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി തുടങ്ങിയ 6 ജില്ലകളിലാണ് പദ്ധതി ആരംഭിക്കുക.

നാളെ വൈകുന്നേരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലെ വഴികാട്ടി സെന്ററിലൂടെ ആരോഗ്യമന്ത്രി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ബാക്കിയുള്ള ജില്ലകളിലും ഉടന്‍ തന്നെ പദ്ധതി പ്രവര്‍ത്തന സജ്ജമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe