ശ്രീദേവിയുടെ ദുരൂഹ മരണം; ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്യും

ബോളിവുഡ് താരം ശ്രീദേവി ബാത്ത് ടബ്ബില്‍ വീണു മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നടിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ ദുബൈയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.

കൂടാതെ മരിക്കുന്നതിന് മുന്‍പുള്ള 24 മണിക്കൂര്‍ സമയത്തെ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാത്ത് റൂമില്‍ അപകടകരമായി വീഴുകയും ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങി മരിക്കുവാനുണ്ടായ സാഹചര്യമെന്തെന്നും, വീഴ്ചയില്‍ ബോധം മറഞ്ഞതിനെ സംബന്ധിച്ചും പോലീസ് ഇനിയും നിഗമനത്തില്‍ എത്തിയിട്ടില്ല.

പോലീസിനെ കുഴക്കുന്ന നിരവധി ചോദ്യങ്ങളാണ് ഈ സംഭവത്തിലെ ദുരൂഹതക്കു ആക്കം കൂട്ടുന്നത്. ഇതുവരെ ബോണി കപൂര്‍ അടക്കമുള്ളവര്‍ ഇതൊരു സാധാരണ മരണമാണെന്നും ഹൃദയ സ്തംഭനമാണെന്നും പറഞ്ഞതിന് വിരുദ്ധമായാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പുറത്തു വന്നിരിക്കുന്നത് . ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അപകടം സംഭവിച്ച ശ്രീദേവിയെ ബാത്‌റൂമില്‍ 6.25 ന് കണ്ടെത്തിയിട്ടും എന്ത് കൊണ്ട് ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ മൂന്നു മണിക്കൂര്‍ താമസം നേരിട്ടുവെന്നതും സംശയാസ്പദമായി നിലനില്‍ക്കുന്നു. ഹോട്ടലിലെ അത്യാഹിത സംവിധാനം പ്രയോജനപ്പെടുത്തുവാനുള്ള ശ്രമങ്ങളും ഉണ്ടായില്ല.

മരണം സംബന്ധിച്ചു പിന്നീട് ഏതെങ്കിലും ആരോപണങ്ങള്‍ ഉയരുവാനുള്ള സാഹചര്യം കൂടി ഒഴിവാക്കാനാണ് ദുബായ് പോലീസ് എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ള അന്വേഷണം നടത്തുന്നത്. അത് കൊണ്ട് തന്നെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള അനുമതി നിര്‍ണായകമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here