ബോണി കപൂർ മൊഴി നൽകി ; നടപടികൾ നീളുന്നു; മൃതദേഹം വിട്ടു കിട്ടാൻ വൈകിയേക്കും

മുംബൈ: ദുബായ് പോലീസ് ബോണി കപൂറിനെ ചോദ്യം ചെയ്തു. ബാത്‌റൂമിൽ ബോധരഹിതയായി കുഴഞ്ഞു വീണു അപകടം പറ്റിയതാണെന്നാണ് ബോണി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഹോട്ടലിൽ അടിയന്തരമായി പ്രാഥമിക ചികിത്സ നൽകുവാൻ ശ്രമിച്ചെങ്കിലും ശ്രീദേവിയെ സാധാരണ ഗതിയിലേക്ക് കൊണ്ട് വരാൻ കഴിയാതെ വന്നതിനാലാണ് ആശുപത്രിയിലേക്ക് കൊണ്ട് പോകേണ്ടി വന്നതെന്നും, വഴിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നും ബോണി കപൂർ ദുബായ് പൊലീസിന് മൊഴി നൽകിയതെന്നാണ് ദുബായ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യന്നത്.

ഫോറൻസിക് റിപ്പോർട്ടിൽ ഹൃദയാഘാതം മൂലമല്ല മരണം സംഭവിച്ചതെന്നും ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്നും രേഖപ്പെടുത്തിയതിനെ തുടർന്ന് എംബാമിംഗിന് മുൻപ് അന്വേഷണം പബ്ലിക് പ്രോസിക്യൂഷൻ ഏറ്റെടുത്തിരിക്കയാണ്. ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന പ്രാരംഭ റിപ്പോർട്ടുകൾക്ക് വിപരീതമായാണ് ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ മരണ വാർത്തയോട് ആദ്യം പ്രതികരിച്ചത് അവിശ്വസനീയമെന്നും ശ്രീദേവിക്ക്‌ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് .

അതുപോലെ തന്നെ നിരീക്ഷകർ ഏറെ ചർച്ച ചെയ്യുകയാണ് അർദ്ധ രാത്രിയിലെ അമിതാഭ് ബച്ചന്റെ ട്വീറ്റും. “എന്തുകൊണ്ടാണെന്നറിയില്ല, എനിക്കെന്തോ വല്ലാതെ പേടി തോന്നുന്നു” എന്നാണു ശ്രീദേവിയുടെ മരണം ലോകം അറിയുന്നതിന് മുൻപ് അഹിതമായതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന പ്രതീതിയിൽ അമിതാഭ് ട്വീറ്റ് ചെയ്തത് .

ശ്രീദേവിയും ബോണി കപൂറും ഇളയ മകൾ ഖുഷിയും കുടുംബാംഗമായ മോഹിത് മെർവയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ഫെബ്രുവരി 20ന് ദുബൈയിൽ എത്തിയത്. മൂത്ത മകൾ ജാൻവി ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. വിവാഹച്ചടങ്ങിന്റെ ചില ദൃശ്യങ്ങൾ ശ്രീദേവി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹത്തിന് ശേഷം ബോണി കപൂറും മകൾ ഖുഷിയും മുംബൈയിലേക്ക്‌ മടങ്ങുകയായിരുന്നു.

പിന്നീട് ഫെബ്രുവരി 24 നാണ് ബോണി കപൂർ വീണ്ടും ദുബൈയിൽ ശ്രീദേവിയെ അറിയിക്കാതെ തിരിച്ചെത്തുന്നത്. ഒരു സർപ്രൈസ് ഡിന്നർ ഒരുക്കിയ ബോണി ഈ വിവരം അറിയിക്കാനായാണ് ശ്രീദേവി താമസിക്കുന്ന ഹോട്ടലിൽ എത്തിയത്.

ഉറങ്ങുകയായിരുന്ന നടിയെ വിളിച്ചുണർത്തി സന്തോഷം പങ്കു വച്ചെന്ന് ബോണി കപൂർ പറയുന്നു. 15 മിനിറ്റോളം സംസാരിച്ചിരുന്നതിന് ശേഷം ഡിന്നറിനു പോകാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി ബാത്ത് റൂമിൽ പോയ ശ്രീദേവി നീണ്ട സമയത്തിന് ശേഷവും പുറത്തു വരാതിരുന്നതിനെ തുടർന്നാണ് ബോണി കപൂർ വാതിൽ ബലം പ്രയോഗിച്ചു തുറന്നതും ബാത്ത് ടബ്ബിൽ ബോധരഹിതയായി ചലനമറ്റ് കിടക്കുന്ന ശ്രീദേവിയെ കാണുവാൻ ഇടയായതും.

പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം കഴിഞ്ഞാൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് അടുത്ത കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ദുബായ് പൊലീസിന് സംതൃപ്തകരമായ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞാൽ മൃതദേഹം എത്രയും വേഗം വിട്ടു കിട്ടുമെന്നും ഇന്ത്യൻ പ്രതിനിധി നവദീപ് സൂരി അറിയിച്ചു.

മുംബൈയിൽ ആരാധകരും, സഹപ്രവർത്തകരും മാധ്യമ പ്രവർത്തകരുമടക്കം വലിയൊരു ജനാവലി ശ്രീദേവിയുടെ ഭൗതിക ശരീരത്തിനായി കാത്തിരിക്കയാണ്. സൗത്ത് ഇന്ത്യൻ താരങ്ങളായ കമല ഹാസൻ, നാഗാർജുന, രജനി കാന്ത് എന്നിവർ പ്രിയ സഹപ്രവർത്തകക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുംബൈയിൽ എത്തി കഴിഞ്ഞു. അനിൽ കപൂറിന്റെ വീട്ടിലാണ് സിനിമാ താരങ്ങൾ അനുശോചനം അറിയിക്കാൻ എത്തി കൊണ്ടിരിക്കുന്നത്

ജീവിതത്തിലും സിനിമയിലും എന്ന പോലെ തന്നെ ശ്രീദേവിയുടെ മരണവും സംഘർഷവും, സസ്‌പെൻസും നിറഞ്ഞതായി മാറിയിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News