ഇതോ ജനാധിപത്യം; പ്രതിപക്ഷത്തോട് സ്പീക്കറുടെ ചോദ്യം; മാന്യമായി സഭ നടത്താനുള്ള സാഹചര്യമില്ല; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന നിയമസഭ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധത്തിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്.

ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറച്ചുള്ളതായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതിനെതിരെ സ്പീക്കര്‍ അതൃപ്തി പ്രകടിപ്പിച്ചു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന പ്രതിഷേധ രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ വിപി സജീന്ദ്രന്‍ എംഎല്‍എ സ്പീക്കറുടെ ഡയസ്സിലേക്ക് കടക്കാന്‍ ശ്രമിച്ചു. സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസ്സാക്കി നിയമസഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

ചോദ്യാത്തരവേള തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം തടസ്സപ്പെടുത്തി. പ്രതിപക്ഷത്തെ എന്നും ബഹുമാനിച്ചിട്ടുള്ള സ്പീക്കറോട് ഇത്തരത്തില്‍ പെരുമാറിയത് ശരിയല്ലെന്ന് ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ചെയറിനോട് പ്രതിപക്ഷം മാന്യത കാട്ടിയില്ല.

സഭയോടോ, ജനാധിപത്യത്തോടോ അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത്തരം പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് നിശബ്ദനായി ഇരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശം സര്‍ക്കാര്‍ നിഷേധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടി അസാധാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News