കലിപ്പ് തീര്‍ക്കാന്‍ ഡല്‍ഹി മുംബൈ പോരാട്ടത്തില്‍ ഉറ്റുനോക്കി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയില്‍ ഏറെ നിര്‍ണായകം ഇന്നത്തെ മത്സരം

കൊച്ചി: കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തന്‍ വീരഗാഥയ്ക്ക് മുന്നില്‍ കിരീടം നഷ്ടമായപ്പോള്‍ ഇക്കുറി ബ്ലാസ്‌റ്റേഴ്‌സ് അത് സ്വന്തമാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. കലിപ്പടക്കാന്‍ ഇക്കുറി കപ്പടിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു കളി തുടങ്ങിയത്.

എന്നാല്‍ കളിക്കളത്തില്‍ പകച്ചുനില്‍ക്കുന്ന താരങ്ങളെയാണ് പിന്നീട് ആരാധകര്‍ കണ്ടത്. നിര്‍ണായക സമയത്ത് അബദ്ധം പിണയുന്ന നായകന്‍ ജിങ്കാനും പരിക്കിന്റെ പിടിയിലായ ബെര്‍ബറ്റോവും ഫോം കണ്ടെത്താന്‍ വിഷമിച്ച സി കെ വിനീതുമെല്ലാം കൂടിയായപ്പോള്‍ ആരാധകര്‍ നിരാശരായി. ഒടുവില്‍ അത്ഭുതം കാട്ടാനെത്തിയ റെനെച്ചായന്‍ പാതി വഴിയില്‍ കളി ഉപേക്ഷിച്ച് ലണ്ടനിലേക്കുള്ള വണ്ടി പിടിച്ചു.

റെനെച്ചായന് പകരക്കാരനായെത്തിയ ഡേവിഡ് ജെയിംസ് അത്ഭുതങ്ങള്‍ കാട്ടിയതോടെ ആരാധകര്‍ ഉണര്‍ന്നെണീറ്റു. തോല്‍വിയും സമനിലയും ചോദിച്ച് വാങ്ങുന്നവരില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് അത്ഭുതജയങ്ങള്‍ പിടിച്ചെടുത്തു. കിതച്ചും കുതിച്ചും മുന്നേറുന്ന സംഘത്തിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ത്രിശങ്കുവിലാണ്.

ഇന്നത്തെ മത്സരത്തിന്‍റെ സവിശേഷത

ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളില്‍ ഏറെ നിര്‍ണായകമാണ് ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഡല്‍ഹി പോരാട്ടം. ഡല്‍ഹിയുടെ സാധ്യതകള്‍ അവസാനിച്ചെങ്കിലും മൂംബൈ മഞ്ഞപ്പടയ്ക്ക് വെല്ലുവിളിയാണ്. 16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള മുംബൈ സിറ്റി ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം അഞ്ചില്‍ നിന്ന് ആറിലേക്ക് താഴും.

താരതമ്യേന ദുര്‍ബലരായ ഡല്‍ഹിയെ കീഴടക്കുക മുംബൈക്ക് അസാധ്യമല്ല. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത് മാത്രമാണ് മഞ്ഞപ്പടയ്ക്ക് ആശ്വാസം നല്‍കുന്നത്.

ഇന്ന് മുംബൈ ജയിച്ചാല്‍ 17 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി അവര്‍ നാലാം സ്ഥാനത്തേക്ക് ഉയരും. ജംഷഡ്പൂരിനും 26 പോയിന്റാണെങ്കിലും ഇന്ന് മുംബൈ ഒരു ഗോളിനെങ്കിലും ജയിച്ചാല്‍ ഗോള്‍ ശരാശരി അവര്‍ക്ക് തുണയാകും.

ചെന്നൈയിനെയും ഡല്‍ഹിയ്ക്കുമെതിരായ ഈ മത്സരങ്ങള്‍ മുംബൈ പരാജയപ്പെടണം. ഒരു മത്സരം ജയിച്ചാലും കുഴപ്പമില്ല. രണ്ടും ജയിക്കാത്തിടത്തോളം ബ്ലാസ്‌റ്റേഴിസിന് പ്രശ്‌നമാകില്ല.

നിലവില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇനി ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇങ്ങനെയാണ്. സീസണിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്ന് നിസംശയം പറയാവുന്ന ഒന്നാം സ്ഥാനക്കാരായ ബംഗലുരൂവിനെ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കണം. അങ്ങനെയെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് 28 പോയിന്റാകും.

നാലാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സി, ആറാം സ്ഥാനത്തുള്ള മുംബൈ സിറ്റി, ഏഴാമതുള്ള ഗോവ എഫ് സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായുള്ളത്.

17 മത്സരങ്ങളില്‍ 26 പോയിന്റുകളുമായാണ് കൊപ്പലാശാന്റെ ജംഷഡ്പൂര്‍ നാലാം സ്ഥാനത്ത് തുടരുന്നത്. ഒരു മത്സരം ബാക്കിയുള്ളതിനാല്‍ അവരുടെ സാധ്യതകള്‍ അടഞ്ഞിട്ടില്ല. കൊപ്പലാശാന്റെ തന്ത്രങ്ങളും ജംഷഡ്പൂരിന് തുണയാകും. ഗോവയാണ് എതിരാളികള്‍.

അതേസമയം ഗോവയ്ക്ക് രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുള്ള അവര്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ 30 പോയിന്റുമായി പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യും. ജംഷഡ്പൂരിനെതിരായ മത്സരം സമനിലയിലായാല്‍ ബ്ലാസ്‌റ്റേഴ്‌സിന് നേട്ടമാണ്.

ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിലെത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളുടെ ഫലം ഇങ്ങനെയാകണം.

27.02.18 ഡല്‍ഹി – മുംബൈ സിറ്റി , മുംബൈ ജയിക്കരുത്

28.02.18 ഗോവ – കൊല്‍ക്കത്ത , ഗോവ ജയിക്കരുത്

01.03.18 ബംഗലൂരു – കേരള ബ്ലാസ്‌റ്റേഴ്‌സ്, ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചേ മതിയാകു

02.03.18 ഡല്‍ഹി – പുണെ, മത്സരഫലം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ല

03.03.18 ചെന്നൈയ്ന്‍ – മുംബൈ, ചെന്നൈയ്ന്‍ ജയിക്കണം

04.03.18 ജംഷഡ്പൂര്‍ – ഗോവ, മത്സരം സമനിലയിലായാല്‍ നല്ലത്

04.03.18 കൊല്‍ക്കത്ത – നോര്‍ത്ത് ഈസ്റ്റ്, മത്സരം ഫലം ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News