നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍; ദളിത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍; സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാന്‍ ആഹ്വാനവുമായി സിപിഐഎം

നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍

നവോത്ഥാനം സൃഷ്ടിച്ച മൂല്യങ്ങളെയും പൊതുബോധത്തെയും തകർക്കുന്ന ജാതി‐മത വർഗീയതയ്ക്കെതിരെ ശക്തമായ പോരാട്ടത്തിന് സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു. കേരളസമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് വഴി തെളിച്ചത് നവോത്ഥാനപ്രസ്ഥാനങ്ങളാണ്.

അയ്യാ വൈകുണ്ഠൻ, ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യൻകാളി, കെ പി കറുപ്പൻ, പൊയ്കയിൽ കുമാരഗുരു, മക്തി തങ്ങൾ, വക്കം മൗലവി, കുര്യാക്കോസ് ഏലിയാസ്, വാഗ്ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ മുതലായ നിരവധി പേർ നയിച്ച കേരള നവോത്ഥാനം നൂറ്റാണ്ടുകളോളം നിലനിന്ന ജാതി‐ജന്മി നാടുവാഴിത്ത വ്യവസ്ഥയുമായി പോരാടി ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു.

അതു വളർത്തിക്കൊണ്ടുവന്ന സമൂഹസങ്കൽപ്പങ്ങളാണ്, പുതിയ ജീവിതരീതികളാണ് കേരളജനതയെ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആശയങ്ങളിലേക്ക് നയിച്ചതും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇവിടെ വേരൂന്നാൻ സഹായിച്ചതും. ഇതിന്റെ ഫലമായാണ് ജാതിനിഷേധം, മതനിരപേക്ഷത, ലിംഗസമത്വം, ജനാധിപത്യപരമായ പൊതു ഇടങ്ങൾ, സമത്വം, യുക്തിചിന്ത, ശാസ്ത്രബോധം തുടങ്ങിയവ കേരളീയരുടെ പൊതുബോധമായി മാറിയതും

നവലിബറൽ നയങ്ങളുടെ വരവോടെ കൂടുതൽ ശക്തിപ്പെട്ട ജാതി‐മത വർഗീയത, നവോത്ഥാനം സൃഷ്ടിച്ച മൂല്യങ്ങളെയും പൊതുബോധത്തെയും തകർക്കുകയാണ്. ജാതി‐മത വർഗീയപ്രസ്ഥാനങ്ങൾ സമത്വം, സാമൂഹ്യനീതി, ജനാധിപത്യം മുതലായ ആശയങ്ങൾക്കു പകരം ജാതീയവും മതപരവുമായ ഭിന്നതകളിലൂന്നുകയാണ്.

മാത്രമല്ല, പൊതുവായ ജനാധിപത്യ ഇടങ്ങളെ മുഴുവനും തകർക്കാനുള്ള ശ്രമവും നടത്തുകയാണ്. സാമൂഹ്യമായി നിലനിർത്തപ്പെട്ട പൊതുസ്ഥലങ്ങൾപോലും ജാതി‐മത വർഗീയസംഘടനകൾ കൈവശപ്പെടുത്തി സ്വന്തമാക്കാൻ ശ്രമിക്കുന്നു.

മിത്തുകൾ, അന്ധവിശ്വാസങ്ങൾ, കപടശാസ്ത്രരൂപങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സ്വന്തം സങ്കുചിത ചിന്താഗതികളെ ന്യായീകരിക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങളിലേക്കുള്ള വർഗീയവാദികളുടെ കടന്നുകയറ്റവും പ്രതിരോധ കുത്തിവയ്പിനെതിരായ പ്രചാരണവും ഉദാഹരണങ്ങളാണ്. സ്ത്രീ‐പുരുഷ സൗഹൃദങ്ങൾക്കെതിരായി ഉയർന്നു വരുന്ന നിരന്തരമായ വെല്ലുവിളികളും കർശനമായ നിയന്ത്രണവും മറ്റൊരുദാഹരണമാണ്.

മതാന്ധതയുടെ അസഹിഷ്ണുതയും ജാതീയ വേർതിരിവുകളും മർദനരൂപങ്ങളും നിലനിൽക്കുന്ന സമൂഹത്തിന് ജനാധിപത്യസമൂഹമായി വികസിക്കാൻ സാധ്യമല്ല.
ഈ സാഹചര്യങ്ങളിൽ നവോത്ഥാനമൂല്യങ്ങളെ മുറുകെപിടിക്കുകയും അവയെ കാലാനുസൃതമായി വികസിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യേണ്ടത് ജനാധിപത്യശക്തികളുടെ ഉത്തരവാദിത്തമാണ്. ജാതിരഹിതവും മതനിരപേക്ഷവും സ്ത്രീ‐പുരുഷ സൗഹൃദപരവുമായ പൊതു ഇടങ്ങൾ ഉറപ്പുവരുത്താനാകണം. ട്രാൻസ്ജെൻഡറുകളെ സൗഹാർദപരമായി കാണുന്ന സാഹചര്യം രൂപപ്പെടുത്തണം.

ശാസ്ത്രബോധത്തിന്റെ വികാസം, അന്ധവിശ്വാസങ്ങൾക്കും അവയെ പോഷിപ്പിക്കുന്ന കപട ശാസ്ത്രരൂപങ്ങൾക്കുമെതിരായ പോരാട്ടം, ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും വളച്ചൊടിക്കലിനും മിത്തുവൽക്കരണത്തിനുമെതിരായ പോരാട്ടവും നടത്തി മുന്നോട്ടുപോകാനാകണം. ജാതി‐മത വർഗീയത പ്രചരിപ്പിക്കുന്ന അസഹിഷ്ണുതയുടെയും ഹിംസയുടെയും അവശ‐അധഃസ്ഥിതവിഭാഗങ്ങളുടെ മർദനത്തിന്റെയും അന്തരീക്ഷത്തിനെതിരായ പോരാട്ടം തുടങ്ങിയവ പുതിയ മൂല്യസംഹിതകളുടെ ഭാഗമായി വളർത്തിയെടുക്കാനാകണം.

ഇത്തരം ആശയങ്ങൾ ചേർന്ന് രൂപപ്പെടുത്തുന്ന അവസര സമത്വത്തിന്റെയും തുല്യനീതിയുടെയും സൗഹൃദങ്ങളുടെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷത്തിലാണ് ജനാധിപത്യപ്രക്ഷോഭങ്ങളിലൂടെ രൂപപ്പെടുന്ന പുതുസമൂഹങ്ങളെ വളർത്തിയെടുക്കാനാകുക. പുതിയ മൂല്യസംഹിതകൾക്കും ജനാധിപത്യസമൂഹത്തിനും വേണ്ടിയുള്ള പോരാട്ടം ജാതിമത വർഗീയത ഉയർത്തുന്ന വെല്ലുവിളിക്കെതിരായ സാമൂഹ്യ‐സാംസ്കാരികമുന്നേറ്റമാകും. ഈ മുന്നേറ്റത്തിൽ അണിചേരാൻ എല്ലാ ജനാധിപത്യവാദികളോടും സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്യുന്നു.

ദളിത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിക്കുക

സാമൂഹ്യ അടിച്ചമർത്തലിനും സാമ്പത്തിക ചൂഷണത്തിനുമെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്താനും ദളിത് ജീവിതനിലവാരം ഉയർത്താനുമുള്ള നടപടികളിൽ ജനങ്ങളാകെ ഒന്നിച്ചണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ജനങ്ങളോട് അഭ്യർഥിച്ചു.

രാജ്യത്ത് ദളിത് വിഭാഗങ്ങൾ കടുത്ത ആക്രമണങ്ങളെയും വിവേചനങ്ങളെയും നേരിടുകയാണ്. സവർണാധിപത്യത്താൽ നയിക്കപ്പെടുന്ന ബിജെപിഭരണം ദളിതർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും എതിരാണ്. ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസ് ജാതിവ്യവസ്ഥയെയും സാമൂഹ്യ അനാചാരങ്ങളെയും സംരക്ഷിക്കുന്നു.

ഓരോ 18 മിനിറ്റിലും ദളിതർക്കെതിരായുള്ള ഒരു അക്രമംവീതം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നു. ചത്ത പശുക്കളുടെ തോലെടുത്ത് ഉപജീവനം നടത്തിയ ദളിത് വിഭാഗം തൊഴിൽരഹിതരായി. ഇതിന്റെ പേരിൽ ദളിതർ പലയിടങ്ങളിലും കൊല്ലപ്പെട്ടു. ആർഎസ്എസ് അംഗീകരിക്കുന്ന ഹിന്ദുത്വതയിൽ ദളിതർക്ക് ഇടമില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണംതന്നെ എടുത്തുമാറ്റണമെന്നതാണ് സംഘപരിപാർ നിലപാട്. പടിഞ്ഞാറൻ യുപിയിൽ ആയിരക്കണക്കിന് ദളിത് വീടുകൾ സംഘപരിവാർ നേതൃത്വത്തിൽ ആക്രമിക്കപ്പെട്ടു. അംബേദ്കർ സ്മരണയുമായി മഹാരാഷ്ട്രയിലെ കൊറഗാവിൽ ഒത്തുചേർന്ന ദളിതർക്കുനേരെയും സർക്കാർ പിന്തുണയോടെ ആർഎസ്എസ് ആക്രമണം നടത്തി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദു വ്യക്തിനിയമം ഭേദഗതി ചെയ്തപ്പോൾ ആർഎസ്എസ് എതിർത്തത് ചരിത്രത്തിന്റെ ഭാഗം. മണ്ഡൽ കമീഷൻ റിപ്പോർട്ടിന് ആർഎസ്എസും ബിജെപിയും എതിരാണ്. ബിജെപിയുടെ ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ദളിത് വിഭാഗങ്ങൾക്കിടയിലെ ഉപജാതികൾക്കിടയിൽ നുഴഞ്ഞുകയറി സംഘർഷം സൃഷ്ടിക്കുകയെന്ന പദ്ധതിയും സംഘപരിവാർ ആവിഷ്കരിക്കുകയാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജാതി വിവേചനത്തിനെതിരെന്ന മട്ടിൽ ഉയർന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പൊതുവിൽ വോട്ടുബാങ്കുകളെ സൃഷ്ടിക്കാനും അധികാര രാഷ്ട്രീയംമാത്രം ലക്ഷ്യമാക്കുന്നതുമായിരുന്നു. ബിഎസ്പിപോലുള്ള പാർടികൾക്ക് അധികാരം ലഭിച്ചിട്ടും ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള പ്രശ്നം ഏറ്റെടുക്കാൻ തയ്യാറാകാത്തതും ഭരണവർഗ താൽപ്പര്യ സംരക്ഷണംമാത്രമാണ് ഫലത്തിൽ ഈ പ്രസ്ഥാനങ്ങളും പാർടികളും ചെയ്യുന്നതെന്ന് വ്യക്തം.

പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും നിയമന നിരോധനവുമാണ് നവ ഉദാരവൽക്കരണ നയങ്ങളുടെ പ്രത്യാഘാതം. ഈ നയങ്ങളുടെ വക്താക്കളായി പിന്നോക്ക, ദളിത് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർടികളും മാറുന്നു. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം സംവരണത്തെ തകർക്കുന്നു. നിയമന നിരോധനം സംവരണത്തെ പരിമിതപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ എസ്സി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ നിയമ നിർമാണത്തിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

മോഡി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽ പട്ടികജാതി പ്രത്യേക ഘടക പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്. 2016‐17 സാമ്പത്തിക വർഷത്തേക്കാൾ ഈ വർഷത്തെ ബജറ്റിൽ പട്ടികജാതി വിഹിതം മൂന്നു ശതമാനം കുറച്ചു. പട്ടികജാതി പ്രത്യേകഘടക പദ്ധതി നിർത്തലാക്കരുതെന്ന് ഈ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടുവന്ന നവോത്ഥാന മുന്നേറ്റങ്ങൾ സാമൂഹ്യവിവേചനത്തിന്റേതായ നീതികളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനമായി ജന്മിത്തത്തെ കണ്ടുകൊണ്ട് അതിന്റെ സാമ്പത്തികാടിത്തറ തകർക്കുന്ന സമരങ്ങളുമായി ഈ മുന്നേറ്റങ്ങളെ കണ്ണി ചേർക്കാൻകഴിയാതെവന്നു. നമ്മുടെ സംസ്ഥാനത്ത് ഭൂപരിഷ്കരണം നടപ്പിലാക്കാൻ കമ്യൂണിസ്റ്റ് പാർടിനേതൃത്വത്തിലുള്ള സർക്കാരുകൾ ശക്തമായി ഇടപെട്ടു. ഭൂപരിഷ്കരണം നടപ്പിലാക്കിയതിലൂടെ ജന്മിത്തത്തിന്റെ സാമ്പത്തികാടിത്തറ തകർത്തു. ഇത് ജാതിവിവേചനത്തിന്റെ രൂക്ഷതയെ ദുർബലപ്പെടുത്തി. ആധുനിക ജനാധിപത്യ സമൂഹത്തിന്റെ രൂപീകരണത്തിന് ഇത് ഇടയാക്കി.

1957 ലെ ഭൂപരിഷ്കരണ നിയമത്തിൽ മിച്ചഭൂമി പിടിച്ചെടുത്ത് ദളിതർ ഉൾപ്പെടെയുള്ള കർഷകത്തൊഴിലാളികൾക്ക് പതിച്ചു നൽകാനുള്ള നടപടിയാണ് സ്വീകരിച്ചത്. വിമോചന സമരത്തെ തുടർന്ന് അധികാരത്തിലേറിയ വലതുപക്ഷ സർക്കാരുകൾ മിച്ചഭൂമി ഇല്ലാതാക്കാനുള്ള നിയമനടപടികൾ സ്വീകരിച്ചു.

കേരളത്തിലെ ദളിത് ജനവിഭാഗത്തിന്റെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് തടസ്സമായി നിന്നത് ഈ വലതുപക്ഷ സർക്കാരുകളുടെ നിലപാടാണ്. 1967 ൽ അധികാരത്തിലിരുന്ന പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ദളിത് വിഭാഗത്തിന് മുൻഗണന നൽകി കുടികിടപ്പവകാശം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.

പൊതുവിദ്യാഭ്യാസം, പൊതു ആരോഗ്യ സംവിധാനം, സാമൂഹ്യ സുരക്ഷാപദ്ധതികളുടെ രക്ഷാവലയം തുടങ്ങിയ നടപടികൾ കേരളത്തിലെ ദളിത് ജനതയുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ മെച്ചപ്പെട്ട ജീവിതം കേരളത്തിലെ ദളിത് ജനവിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഇത് ഇടയാക്കി. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ വികാസവുമായി തട്ടിച്ചു നോക്കിയാൽ ദളിത് ജനവിഭാഗങ്ങളുടെ ജീവിതനിലവാരം പിന്നോക്കമാണെന്ന് കാണാം. ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയെന്നതാണ് നവകേരള സൃഷ്ടിക്ക് പ്രധാനമായും ചെയ്യേണ്ട കാര്യമെന്ന് തി രിച്ചറിയേണ്ടതുണ്ട്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അതുകൊണ്ടുതന്നെ ദളിത് ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ സവിശേഷ പ്രാധാന്യത്തോടെ കണ്ട് ഇടപെടുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ ആനുകൂല്യവും തൊഴിലവസരങ്ങളും വർധിപ്പിച്ച് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അഭിനന്ദനാർഹമാണ്.

പട്ടികജാതി വിഭാഗത്തിനുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ 25 ശതമാനം ഉയർത്താനായി. ഈ മേഖലയിൽ ചികിത്സാധനസഹായമായി 58.45 കോടി രൂപ നൽകി. 250 പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിന് ഏർപ്പെടുത്തിയ അംബേദ്കർ പദ്ധതിയും ശ്രദ്ധേയമായി. ഈ മേഖലയിലെ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സർക്കാരിന് കഴിഞ്ഞു. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരെ പൂജാരികളാക്കിയും ദേവസ്വം ബോർഡുകളിൽ സംവരണം ഏർപ്പെടുത്തിയും ശക്തമായ ചുവടുവയ്പ്പ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

സാമൂഹ്യനീതിയുടെ പ്രശ്നങ്ങൾ വർഗസമരത്തിന്റെ ഭാഗമായി കണ്ട്് ദളിത് ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ സിപിഐ എം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, ദളിത്‌ ജനവിഭാഗങ്ങളുടെ എല്ലാ മുന്നേറ്റങ്ങൾക്കെതിരെയും നിലപാട് സ്വീകരിക്കുന്ന ബിജെപിയെ എതിർക്കാനോ ഇന്ത്യയിൽ ഇത്തരമൊരു അവസ്ഥ നിലനിർത്തിയ കോൺഗ്രസിന്റെ നയങ്ങളെ തുറന്നുകാട്ടാനോ തയ്യാറാകാതെ സിപിഐ എമ്മിനെതിരെ സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സംഘടിച്ച ചില സംഘടനകൾ കേരളം വ്യത്യസ്തമല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

അതുവഴി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മേൽകൈയിൽ ഇവിടെയുണ്ടായ സാമൂഹ്യ മുന്നേറ്റങ്ങളെ നിഷേധിച്ച് സംഘപരിവാറിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്.

വടയമ്പാടിയിലെ പൊതുയിടം കൈയേറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുകയാണ് സിപിഐ എം ചെയ്തത്. അവിടെയുണ്ടായിരുന്ന പൊതുമൈതാനം പൂർവസ്ഥിതിയിൽ എത്തിക്കുന്നതിനായി സർക്കാർ സംവിധാനങ്ങളുടെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുമുണ്ട് എന്നിട്ടും ആ പ്രശ്നത്തിന്റെ പേരിലും സിപിഐ എമ്മിനെ ഒറ്റപ്പെടുത്താനും ദളിത് വിരുദ്ധരെന്ന് പ്രചരിപ്പിക്കാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചത്.

വെൽഫെയർ പാർടി, എസ്ഡിപിഐ, മാവോയിസ്റ്റുകൾ, മനുഷ്യാവകാശ സംഘടനകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന മുൻ നക്സലൈറ്റുകളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളമെല്ലാം സ്വത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി സിപിഐ എമ്മിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷ മനസ്സുള്ള കേരളത്തിൽ ഇടതുപക്ഷത്ത് എന്ന് തോന്നിച്ചുകൊണ്ട് വിമർശം നടത്തി പാർടിയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്.

സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ടുപോകുന്നതിനും ധനമൂലധന ശക്തികൾക്കും തീവ്ര വർഗീയ അജൻഡകൾക്കെതിരെയും ഉയരേണ്ട പോരാട്ടങ്ങളെ ദുർബലപ്പെടുത്താനുമാണ് ഇത്തരം ശക്തികൾ ശ്രമിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാനുള്ള ബോധപൂർവശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങളെ തുറന്നു കാണിക്കാനും പ്രതിരോധിക്കാനും കഴിയേണ്ടതുണ്ട്.

സംരക്ഷിക്കപ്പെടേണ്ടതുണ്ട് സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവും

നവ ഉദാരവൽക്കരണവും വർഗീയതയും വ്യാപിപ്പിച്ചുകൊണ്ട് രാജ്യത്തെ സ്ത്രീകൾക്കുമേൽ തീവ്രമായ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുന്ന നയങ്ങൾക്കെതിരെ ജനങ്ങളുടെ ഒന്നാകെയുള്ള യോജിച്ച പോരാട്ടങ്ങൾ ഉയരണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു. ജനസംഖ്യയിൽ പകുതിവരുന്ന ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം ഏറെ പ്രതിസന്ധിയിലാണ്. നവ ഉദാരവൽക്കരണനയങ്ങൾ സ്ത്രീകളുടെ പദവി കൂടുതൽ ഇടിച്ചുതാഴ്ത്തി.

ഉദാരവൽക്കരണകാലത്തിന്റെ എല്ലാ ദൂഷ്യങ്ങളും അതിന്റെ ഭാഗമായിത്തന്നെ വർധിച്ചുവരുന്ന അതിക്രമങ്ങളും സ്ത്രീകളുടെ സ്വച്ഛമായ ജീവിതം അസാധ്യമാക്കുന്ന വെല്ലുവിളികളാണ്. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിൻ കീഴിൽ ശക്തി പ്രാപിക്കുന്ന മതതീവ്രവാദശക്തികളുടെ ഇടപെടലും നിയന്ത്രണങ്ങളും ആക്രമണോത്സുകമായ വർഗീയതയുടെയും ജാതീയതയുടെയും വളർച്ചയും രാജ്യത്തെ സ്ത്രീജീവിതത്തിനുമേൽ കടുത്ത നിയന്ത്രണങ്ങളും കൈയേറ്റങ്ങളുമാണ് അടിച്ചേൽപ്പിക്കുന്നത്. എല്ലാതരം വർഗീയതയും സ്ത്രീകളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയാണ്.

ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിക്കുന്ന ആഗോള ലിംഗ അസമത്വസൂചികയിൽ 159 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 125 സ്ഥാനത്താണ്. ലോകത്ത് സ്ത്രീകൾ ഏറ്റവും അരക്ഷിതമായ രാജ്യങ്ങളിൽ നാലാംസ്ഥാനത്താണ് ഇന്ത്യ. ദളിത് സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ആശങ്കാജനകമായ വർധനയാണ് ഉണ്ടായത്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുംനേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ നാലിലൊന്ന് കുറ്റവാളികൾപോലും ശിക്ഷിക്കപ്പെടുന്നില്ല. അതിക്രമങ്ങൾക്ക് ഇരകളാകുന്നവരുടെ പുനരധിവാസത്തിനായി വകയിരുത്തപ്പെട്ട പണംപോലും ചെലവഴിക്കപ്പെടുന്നില്ല. സ്ത്രീകൾ ഏറെ തൊഴിൽചെയ്യുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലും അട്ടിമറിക്കപ്പെടുകയാണ്. സ്ത്രീകളുടെ സ്വയംനിർണയ അവകാശങ്ങളെ തകർക്കുന്ന ജാതി പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള ഫ്യൂഡൽ രൂപങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവണതയും വ്യാപിച്ചു.

ഈയടുത്ത് പ്രസിദ്ധീകരിച്ച നിതി ആയോഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് രാജ്യത്തെ വലിയ 21 സംസ്ഥാനങ്ങളിൽ 17 എണ്ണത്തിലും ജനനത്തിലെ ലിംഗാനുപാതം വീണ്ടും കുറയുന്നു എന്നാണ്. ഇതിൽ ഏറ്റവും കുറവ് വന്നിരിക്കുന്നത് വികസനത്തിന്റെ തലസ്ഥാനമായി ബിജെപി കൃത്രിമമായി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിലാണ്. രണ്ടു ദശകത്തിലേറെയായി നിയമനിർമാണ സഭകളിലേക്കുള്ള വനിതാസംവരണ ബിൽ സംബന്ധിച്ച് വഞ്ചനാപരമായ നിലപാടാണ് യുപിഎയും ബിജെപിയും സ്വീകരിച്ചുവരുന്നത്.

സ്ത്രീകളുടെ പൗരാവകാശങ്ങൾക്കുമേൽ കടുത്ത ഭീഷണികൾ ഉയരുന്ന ഈ കാലഘട്ടത്തിലും കേരളം തീർച്ചയായും രാജ്യത്തിനു മാതൃകയായി സ്ത്രീപക്ഷ നയങ്ങളുമായി മുന്നേറുകയാണ്. ആരോഗ്യം, മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, ആയുർദൈർഘ്യം, തദ്ദേശഭരണരംഗത്തെ സ്ത്രീപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്ക് അനുകൂലമായ വികസനസൂചികകൾ കേരളത്തിനു നേടാനായത് നവോത്ഥാനപ്രസ്ഥാനങ്ങളും തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അവയുടെ ഭാഗമായി സ്ത്രീ അവകാശസമര പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടങ്ങളുടെയും ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കിയിട്ടുള്ള സാമൂഹ്യക്ഷേമ പദ്ധതികളുടെയുംകൂടി ഭാഗമായിട്ടാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ 2018‐19ലെ വാർഷിക ബജറ്റ് രാജ്യത്തിനുതന്നെ മാതൃകയാകുന്ന തരത്തിൽ സ്ത്രീപക്ഷസമീപനം മുന്നോട്ടുവയ്ക്കുന്നതാണ്. സംസ്ഥാന ബജറ്റിൽ സ്ത്രീകൾക്കായുള്ള പദ്ധതികളുടെ വിഹിതം 2017‐18ൽ 11.5ശതമാനം ആയിരുന്നത് 18‐19ൽ 14.6 ശതമാനമായി ഉയർന്നു. സ്വതന്ത്രമായ വനിതാവികസന വകുപ്പ് രൂപീകരിച്ചു. കുടുംബശ്രീയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. പൊലീസിലെ വനിതാസാന്നിധ്യം ഉയർത്തിയും പിങ്ക് പൊലീസ് പോലെയുള്ള സുരക്ഷാസംവിധാനം നടപ്പാക്കിയും സ്ത്രീകളും കുഞ്ഞുങ്ങളും നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് ആശ്വാസം നൽകാനുള്ള നടപടികളും മുന്നോട്ടുവച്ചിട്ടുണ്ട്.

ഈ രംഗത്ത് നാം നേടിയ നേട്ടങ്ങൾ സംരക്ഷിച്ചുകൊണ്ടും നിലനിൽക്കുന്ന ദൗർബല്യങ്ങൾ തിരുത്തിക്കൊണ്ടും മുന്നോട്ടുപോകാനാകണം. പിഞ്ചുകുഞ്ഞുങ്ങൾമുതൽ പ്രായമായ സ്ത്രീകൾവരെ വീടുകൾക്കുള്ളിൽ ലൈംഗിക ആക്രമണങ്ങൾക്ക് ഇരകളാകുന്ന സംഭവങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതരത്തിൽ നമ്മുടെ സമൂഹത്തെ മൂന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇടപെടൽ ഉണ്ടാകണം. മനുഷ്യസമൂഹത്തിന്റെ വികാസത്തിന് ഏറെ സഹായകമായി ത്തീരുന്ന വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ സ്ത്രീവിരുദ്ധമായ ആശയങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കപ്പെടുന്ന അവസ്ഥയ്ക്കെതിരെ ജാഗ്രത പുലർത്തേണ്ടതുമുണ്ട്.

നമ്മുടെ ജീവിതത്തിന്റെ നാനാതുറകളിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെ ബോധപൂർവം തിരുത്തി ആരോഗ്യകരമായ സ്ത്രീ‐പുരുഷബന്ധത്തിലൂടെ ജനാധിപത്യപരമായ ജീവിതക്രമം രൂപപ്പെടുത്തിയെടുക്കുകയെന്നത് വർത്തമാനകാലത്ത് നാം ഏറ്റെടുക്കേണ്ട പ്രധാന ചുമതലകളായി മാറുന്നുണ്ട്. സ്ത്രീകൾക്കും സ്വാതന്ത്ര്യവും സമത്വവും സുരക്ഷിതത്വവുമുള്ള ഒരു സമൂഹമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടലുകൾ വികസിപ്പിച്ചെടുക്കാനാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News