ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; ബോണി കപൂറിന്റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു; അന്വേഷണം പൂര്‍ത്തിയാകുംവരും ദുബായ് വിടരുതെന്ന് കര്‍ശനനിര്‍ദേശം

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ അവ്യക്തതയും ദുരൂഹതകളും തുടരുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു.

ശ്രീദേവിയെ മരിച്ച നിലയില്‍ ആദ്യം കണ്ടെത്തിയ ബോണിയെ ദുബായ് പൊലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരും ദുബായില്‍ തങ്ങണമെന്ന നിര്‍ദേശവും ബോണിക്ക് പൊലീസ് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം ചോദ്യംചെയ്യലിന് ശേഷം ബോണിയെ വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യംചെയ്യാന്‍ വിളിക്കുമെന്നും ദുബായ് പൊലീസ് സൂചിപ്പിച്ചു.

അതേസമയം, ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ശ്രീദേവിയോട് അടുത്ത വ്യത്തങ്ങള്‍ പറയുന്നത്. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്നും ദുബായ് പൊലീസ് അന്വേഷിക്കും.

ഇതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്നാണ് അറിയുന്നത്. ഇതുവരെയും മൃതദേഹം എംബാം ചെയ്യാനായി എടുത്തിട്ടില്ല.

മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്. ഇതോടെ കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും ബോധരഹിതയായി ബാത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News