ആ ഒന്‍പത് കുഞ്ഞുങ്ങളെ കൊന്നത് ബിജെപി നേതാവ്; രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

ദില്ലി: മുസഫര്‍പുറില്‍ സ്‌കൂള്‍ വിട്ടുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് പാഞ്ഞുകയറി ഒമ്പത് കുട്ടികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബിജെപി നേതാവായ മനോജ് ബൈത്തക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് വാഹനമോടിച്ചത് മനോജ് ബൈത്തയാണെന്നും പൊലീസ് സംശയിക്കുന്നു. ബൈത്തക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ബൈത്ത ഒളിവിലാണ്.

ബൈത്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. സംഭവസമയത്ത് ബൈത്തയാണ്‌വോഹനമോടിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭ്യമായതായി പറയുന്നു. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പറയുന്നു.

അതേസമയം, മനോജ് ബൈത്തക്ക് ബിജെപിയുമായി ബന്ധമില്ലെന്ന ചില പ്രസ്താവനകള്‍ നേതാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ ബൈത്ത ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന വിവിധ ചിത്രങ്ങള്‍ പുറത്തു വന്നു. ഇതോടെ ഉപമുഖ്യമന്ത്രി സുശില്‍മോഡിക്കുതന്നെ ഇയാള്‍ ബിജെപിക്കാരനാണെന്നും കേസില്‍ നടപടിയെടുക്കുമെന്നും പറയേണ്ടി വന്നു.

സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇതില്‍ മൂന്നു കുട്ടികളുടെ നില ഗുരുതരമാണ്. ഇയാളുടെ പേരിലുള്ളതാണ് വാഹനമെന്ന് പൊലീസ് പറഞ്ഞു.

ബിജെപിയുടെ ബോര്‍ഡ് വച്ചിരിക്കുന്ന വാഹനമാണ് അപകടം വരുത്തിയതെന്നും ഇയാളും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

ശനിയാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അപകടം. മിനാപുര്‍ ജില്ലയിലെ അഹിയാപുര്‍ജാപാ ഏരിയയിലെ ഗവ. മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടതോടെ വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാര്‍ഥികള്‍ കൂടിനില്‍ക്കുന്നതിനിടയിലേക്ക് അമിതവേഗത്തില്‍ വന്ന ബൊലോറോ ജീപ്പ് പാഞ്ഞുകയറുകയായിരുന്നു. മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News