ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍; പരാതി ലഭിച്ചാല്‍ മാത്രം വീണ്ടും അന്വേഷണം; മൃതദേഹം വിട്ടുനല്‍കി

ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കി. എംബാം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായ് വിമാനത്താവളത്തിലെത്തിച്ചു. ഇന്ന് രാത്രി തന്നെ മൃതദേഹം മുംബൈയില്‍ എത്തിക്കുമെന്നാണ് സൂചന.

ശ്രീദേവിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചത്. മരണത്തില്‍ ദുരൂഹതയില്ലെന്നും മുങ്ങിമരണം തന്നെയാണെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി.

അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചാല്‍ വീണ്ടും അന്വേഷിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബോണി കപൂറിനെ മൂന്ന് തവണ ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് ശ്രീദേവിയോട് അടുത്തവ്യത്തങ്ങള്‍ പറയുന്നത്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്.

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും ബോധരഹിതയായി ബാത്ത് ടാബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News