തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം കുട്ടികള്‍ക്ക് നേരെയുള്ള കൊടുംപീഡനമെന്ന് ഡിജിപി ആര്‍ ശ്രീലേഖ. ആചാരം മുന്‍നിര്‍ത്തി കുട്ടികളെ അഞ്ചുദിവസം പീഡിപ്പിക്കുകയാണെന്നും ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചു.

ആചാരം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അഞ്ചു മുതല്‍ പന്ത്രണ്ടു വയസ് വരെയുള്ള ആണ്‍കുട്ടികളെയാണ് മാതാപിതാക്കള്‍ വിശ്വാസത്തിന്റെ പേരില്‍ ക്ഷേത്രഭാരവാഹികളുമായി ചേര്‍ന്ന് പീഡിപ്പിക്കുന്നത്.

നാമമാത്രമായ ഭക്ഷണം മാത്രം നല്‍കുന്ന കുട്ടികളെ ദിവസേന മൂന്നു നേരം തണുത്ത വെള്ളത്തില്‍ കുളിപ്പിക്കും. അമ്പലത്തിന്റെ തറയില്‍ ദിവസവും ഉറങ്ങുന്ന കുട്ടികള്‍ക്ക് സ്വന്തം മാതാപിതാക്കളെ കാണാനും അനുവാദമില്ല.

സ്ത്രീകളുടെ ശബരിമലയെന്നു അറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രം പ്രസിദ്ധമായ പൊങ്കാലയ്ക്ക് പേരുകേട്ട കേന്ദ്രമാണ്. എന്നാല്‍ ഇത്തരത്തിലൊരു അമ്പലം കുട്ടികളുടെ തടവറയായി മാറുകയാണെന്നും ജയില്‍ ഡിജിപി ബ്ലോഗ്ഗില്‍ പറഞ്ഞു.

 

വീട്ടുകാര്‍ ക്ഷേത്രത്തില്‍ എത്തിക്കുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം കുട്ടികളും ഈ പീഡനങ്ങളെക്കുറിച്ചറിയുന്നത്. കുട്ടികളെ മാനസികവും ശാരീരികവുമായി ചൂഷണം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 89, 319, 320, 349, 350, 351 വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമാണെന്നും ഓര്മ്മിപ്പിക്കുന്ന ശ്രീലേഖ ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.