മധ്യവര്‍ഗ്ഗ ബോധത്തിന് മാറ്റം വരാതെ കേരളത്തിന്റെ പുരോഗതിയുടെ അടുത്തഘട്ടം സാധ്യമല്ലെന്ന് പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍

തിരുവനന്തപുരം: മധ്യവര്‍ഗ്ഗ ബോധത്തിന് മാറ്റം വരാതെ കേരളത്തിന്റെ പുരോഗതിയുടെ അടുത്ത ഘട്ടം സാധ്യമല്ലെന്ന് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അഭിപ്രായപ്പെട്ടു.

‘അഭിമാനമാണ് കേരളം, മാനവികതയാണ് മാര്‍ക്‌സിസം’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഫെബ്രുവരി 28 ന് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി എസ് എഫ് ഐ കേരള സര്‍വകലാശാല കാമ്പസ് യൂണിറ്റ് സംഘടിപ്പിച്ച ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളില്‍ വന്ന മാറ്റം കാണാതെ കേരളത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്യല്‍ അസാധ്യമാണ്. 1957 ല്‍ നടപ്പിലാക്കിയ രണ്ട് പ്രധാനപ്പെട്ട ബില്ലുകളായ വിദ്യാഭ്യാസ ബില്ലും, കാര്‍ഷികബന്ധ ബില്ലും കേരളത്തിന്റെ പുരോഗതിയുടെ ചാലക ശക്തിയായി.

വിദ്യാഭ്യാസ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശയാണ് എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക നിയമനം പി.എസ്.സി.യ്ക്ക് വിടുക എന്നത്. അത് ഇപ്പോഴും നടപ്പിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഭൂപരിഷ്‌കരണം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കി.

കൂടുതല്‍ ആളുകള്‍ വിദ്യാഭ്യാസം നേടിയതോടെ ആധുനിക കേരളം കരുത്താര്‍ജിച്ചു. ആധുനിക കേരളം രൂപപ്പെടുത്തുന്നതില്‍ കോളേജ് കാമ്പസുകളും ഉന്നത വിദ്യാഭ്യാസ അവസരങ്ങളും നിര്‍ണ്ണായക സ്വാധീനശക്തികളായി.

കേരള നവോത്ഥാനം പ്രധാനമായും ജാതി വിവേചനത്തിനെതിരായ സമരമായിരുന്നു. നമുക്കിടയില്‍ ഇപ്പോഴും ജാതി വിവേചനം നിലനില്‍ക്കുന്നു. സാമൂഹിക ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം പൂര്‍ണ്ണമായും അവസാനിക്കും വരെ നാം പുരോഗമിച്ചു എന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല.

പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്ന രീതിയിലും നിയമ വ്യവഹാരങ്ങളിലും കോടതി നടപടികളിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്താനും നാം തയ്യാറാകണം എങ്കില്‍ മാത്രമേ സാമൂഹിക മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ. കാമ്പസ് സെക്രട്ടറി പി.മനേഷ് അദ്ധ്യക്ഷനായി. പ്രസിഡന്റ് ജോണ്‍വില്യംസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്റ്റാലിന്‍ കെ നന്ദിയും പറഞ്ഞു. എസ്.എഫ്.ഐ.യുടെ ഉപഹാരം ജോയിന്റ് സെക്രട്ടറി നജീബ് എസ്. നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News