ശ്രീദേവിയുടെ സംസ്‌കാരം വൈകിട്ട് 3.30ന്; രാവിലെ 9.30 മുതല്‍ അന്ധേരിയില്‍ പൊതുദര്‍ശനം; അന്തിമോപചാരം അര്‍പ്പിച്ച് ഇന്ത്യന്‍ സിനിമാ ലോകം

മുംബൈ: മൂന്നുനാള്‍ നീണ്ട അനിശ്ചിതത്വത്തിനും ദുരൂഹതകള്‍ക്കും വിരാമമിട്ട് നടി ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മുംബൈയിലെത്തിച്ചു.

പടിഞ്ഞാറന്‍ അന്ധേരി ലോഖണ്ഡ്വാലയിലെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സിനിമാമേഖലയിലെ നിരവധിപേരും അന്തിമോപചാരം അര്‍പ്പിച്ചു.

ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരി സെലിബ്രേഷന്‍ ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. പകല്‍ 3.30ന് വിലേപര്‍ലെ സേവാ സമാജത്തില്‍ സംസ്‌കാരം നടക്കും.

ചൊവ്വാഴ്ച പകല്‍ ഒന്നോടെയാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നുകാണിച്ച് കത്തുനല്‍കിയത്. മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം പൂര്‍ത്തിയായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതായി പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം അബോധാവസ്ഥയെ തുടര്‍ന്നുണ്ടായ ആകസ്മികമായ മുങ്ങിമരണമാണ് നടിയുടേതെന്നും ദുരൂഹതകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍നിന്ന് പകല്‍ രണ്ടിന് ബന്ധുക്കളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവനക്കാരും ഏറ്റുവാങ്ങിയ മൃതദേഹം മുഹൈസന എംബാമിങ് യൂണിറ്റില്‍ എംബാം ചെയ്യാന്‍ കൊണ്ടുപോയി.

ഇവിടത്തെ നടപടിക്രമങ്ങള്‍ക്കുശേഷം 3.48ന് ദുബായ് അന്താരാഷ്ട വിമാനത്താവളത്തില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 5.30ന് പ്രത്യേകചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവന്നത്.

ഭര്‍ത്താവ് ബോണി കപൂര്‍, നടനും ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ അനുഗമിച്ചു. ഭര്‍തൃസഹോദരന്‍ അനില്‍കപൂറും മകള്‍ സോനം കപൂറും വിമാനത്താവളത്തില്‍ ചൊവാഴ്ച രാത്രി 9.42ഓടെ ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങി.

തിങ്കളാഴ്ച ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് വ്യക്തമായതോടെ അന്വേഷണം ആരംഭിച്ചിരുന്നു. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടതായും ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പൊലീസ് നിഗമനം.

ബോണി കപൂറില്‍നിന്നും ജുമൈറ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ ജീവനക്കാരില്‍നിന്നും മൊഴിയെടുത്ത പൊലീസ് ചൊവ്വാഴ്ച രണ്ടുതവണ ബോണി കപൂറിനെ ചോദ്യംചെയ്തു. അന്വേഷണം തീരുംവരെ ബോണി കപൂറിന്റെ യാത്ര വിലക്കിയെന്നും ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ല. മരണകാരണം പരിശോധിക്കാന്‍ ചൊവ്വാഴ്ച പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്നാണ് ദുരൂഹതകളില്ലെന്നും ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ അബോധാവസ്ഥയില്‍ വീണ് മുങ്ങിമരിച്ചതാണെന്നും സ്ഥിരീകരിച്ചത്.

അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വായുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇയിലെ റാസല്‍ ഖൈമ എമിറേറ്റ്‌സില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. താമസിക്കുന്ന ജുമൈറ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ 2201 അപാര്‍ട്‌മെന്റിലെ ബാത്ത്‌റൂമില്‍ വീണ് ശനിയാഴ്ച രാത്രി 11.30ഓടെയാണ് ശ്രീദേവി മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News