ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ഈ പ്രവാസി മലയാളി

ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് സാമൂഹികപ്രവര്‍ത്തകനും മലയാളിയുമായ അഷ്‌റഫ് താമരശേരിയാണെന്ന് ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍.

മൃതദേഹം എംബാം ചെയ്തതിനു ശേഷം അഷ്‌റഫിന് കൈമാറിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍നിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷ്‌റഫ് താമരശേരി.

അതേസമയം, ചൊവ്വാഴ്ച പകല്‍ ഒന്നോടെയാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നുകാണിച്ച് കത്തുനല്‍കിയത്. മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം പൂര്‍ത്തിയായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതായി പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം അബോധാവസ്ഥയെ തുടര്‍ന്നുണ്ടായ ആകസ്മികമായ മുങ്ങിമരണമാണ് നടിയുടേതെന്നും ദുരൂഹതകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം 3.48ന് ദുബായ് അന്താരാഷ്ട വിമാനത്താവളത്തില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 5.30ന് പ്രത്യേകചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവന്നത്.

ഭര്‍ത്താവ് ബോണി കപൂര്‍, നടനും ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ അനുഗമിച്ചു. ഭര്‍തൃസഹോദരന്‍ അനില്‍കപൂറും മകള്‍ സോനം കപൂറും വിമാനത്താവളത്തില്‍ ചൊവാഴ്ച രാത്രി 9.42ഓടെ ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങി.

അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വായുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇയിലെ റാസല്‍ ഖൈമ എമിറേറ്റ്‌സില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. താമസിക്കുന്ന ജുമൈറ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ 2201 അപാര്‍ട്‌മെന്റിലെ ബാത്ത്‌റൂമില്‍ വീണ് ശനിയാഴ്ച രാത്രി 11.30ഓടെയാണ് ശ്രീദേവി മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here