പ്രണയവിവാഹത്തെ ലൗ ജിഹാദാക്കി സംഘപരിവാറിന്റെ വ്യാജ പ്രചാരണം; യുവതിയുടെ കുടുംബത്തിന് വധഭീഷണി

തിരുവനന്തപുരം: പ്രണയവിവാഹത്തെ ലൗ ജിഹാദാക്കി ചിത്രീകരിച്ച് സംഘപരിവാറിന്റെ വ്യാജ പ്രചാരണം.

ചുനക്കര വടക്ക് കളീയ്ക്കല്‍ മുഹമ്മദുകുഞ്ഞ് ബഹര്‍ബാന്‍ ദമ്പതികളുടെ മകന്‍ എം അന്‍വറും തെക്കേക്കര ചൂരല്ലൂര്‍ അര്‍ച്ചനാഭവനം ശശിധരന്‍പിള്ള സുജ ദമ്പതികളുടെ മകള്‍ ആതിര എസ് നായരും തമ്മിലുള്ള വിവാഹമാണ് ലൗ ജിഹാദാക്കി ചിത്രീകരിച്ച് സംഘപരിവാര്‍ വ്യാജപ്രചാരണം നടത്തുന്നത്.

ഗള്‍ഫില്‍ ജോലിയുള്ള അന്‍വറും ഫിസിയോതെറാപ്പിസ്റ്റായ ആതിരയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചു.

വധൂവരന്മാരെ അവരുടെ മതങ്ങളില്‍നിന്നുകൊണ്ട് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം നടത്താനായി ചെറിയനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫെബ്രുവരി ഏഴിന് രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു. ഇതുകണ്ടാണ് വര്‍ഗീയവാദികള്‍ ഹിന്ദുസ്ത്രീയെ ലൗ ജിഹാദിലൂടെ വിവാഹം കഴിച്ചുവെന്ന് പ്രചരിപ്പിക്കുന്നത്.

ഇതിനായി നോട്ടീസ് ബോര്‍ഡില്‍ നിന്നെടുത്ത വരന്റെയും വധുവിന്റെയും ചിത്രങ്ങളും മേല്‍വിലാസവും ഉപയോഗിക്കുന്നുണ്ട്. സംഘപരിവാര്‍ സംഘം കഴിഞ്ഞ 22ന് പുലര്‍ച്ചെ യുവതിയുടെ അച്ഛന്‍ ശശിധരന്‍പിള്ളയെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തി.

ഇതിനുശേഷം ഈ വിവാഹം നടത്തരുതെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകളാണ് തനിക്ക് വന്നതെന്ന് ശശിധരന്‍പിള്ള പറഞ്ഞു.

ഇതിനെതിരെ വധൂവരന്മാരുടെ കുടുംബങ്ങള്‍ ചേര്‍ന്ന് മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, കുറത്തികാട് പൊലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News