മധുവിന്റെ കൊലപാതകം കേരളത്തിനാകെ അപമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ പൊലിസ് അന്വേഷണത്തില്‍ മധുവിന്റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മണര്‍ക്കാട് സഫീറിന്റെ കൊലപാതകത്തില്‍ കുറ്റവാളികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതെസമയം മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സഫീറിന്റെ കൊലയ്ക്ക് പിന്നിലെ ഗൂഡാലോചന കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
തുടര്‍ച്ചയായ മൂന്നാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തെത്തോടെയാണ് നിയമസഭ ആരംഭിച്ചത്. കൊലപാതകങ്ങളെ കുറിച്ചുള്ള വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ അനുമതി നല്‍കാമെന്നും ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
ഇത് അംഗീകരിക്കാതെ, ചോദ്യോത്തരവേളയുമായി സഹകരിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ശൂന്യ വേളയില്‍ മധുവിന്റെയും യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെയും കൊലപാതകത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം പരിഷ്‌കൃത കേരളത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലെ കേസന്വേഷണത്തില്‍ മധുവിന്റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറപടി നല്‍കി.
സംഭവത്തില്‍ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകും.മണര്‍ക്കാട് സഫീറിന്റെ കൊലപാതകത്തില്‍ പ്രതികളെ സംഭവത്തിന്റെ അടുത്ത ദിവസം തന്നെ പൊലീസ് പിടികൂടി. കേസില്‍ കുറ്റക്കാര്‍ക്കെതിരെ ഒരു തരത്തിലെ വിട്ടുവീഴ്്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഒപ്പം ഗുണ്ടകളുടെ കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ മധുവിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സഫീറിന്റെ കൊലയ്ക്ക് പിന്നിലെ ഗൂഡാലോചന കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ഇതിനിടയില്‍ CPI ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. CPIയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും ഗുണ്ടകളെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ മറുപടി നല്‍കി.
അടിയന്തപപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തിപ്പെട്ടതോടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here