ശ്രീദേവിക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി; മുംബൈ കണ്ണീരണിയുന്നു; ജനപ്രവാഹമായി വിലാപയാത്ര

ക‍ഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ബോളിവുഡ് താരം ശ്രീദേവിക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. ജനപ്രവാഹമായി വിലാപയാത്ര. സംസ്കാരം മുംബൈയിലെ വിലേപര്‍ലെ സേവാ സമാജത്തില്‍  നടന്നു.

പതിനായിരങ്ങളാണ് പ്രിയനായികയെ ഒരു നോക്ക് കാണാനായി വിലാപയാത്രയില്‍ ഒ‍ഴുകിയെത്തിയത്. രാഷ്ട്രീയ സാമൂഹ്യ ചലച്ചിത്ര രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

മൂന്നുനാള്‍ നീണ്ട അനിശ്ചിതത്വത്തിനും ദുരൂഹതകള്‍ക്കും വിരാമമിട്ടാണ് ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി ഒമ്പതരയോടെ മുംബൈയിലെത്തിച്ചത്.

പടിഞ്ഞാറന്‍ അന്ധേരി ലോഖണ്ഡ്വാലയിലെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സിനിമാമേഖലയിലെ നിരവധിപേരും അന്തിമോപചാരം അര്‍പ്പിച്ചു.

ഇന്ന് രാവിലെ തന്നെ അന്ധേരി സെലിബ്രേഷന്‍ ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവച്ച പ്രിയതാരത്തെക്കാണാന്‍ ജനപ്രവാഹമായിരുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം അബോധാവസ്ഥയെ തുടര്‍ന്നുണ്ടായ ആകസ്മികമായ മുങ്ങിമരണമാണ് നടിയുടേതെന്നും ദുരൂഹതകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചതോടെയാണ് വിഷയത്തിലെ സങ്കീര്‍ണത മാറിയത്.

ഭര്‍ത്താവ് ബോണി കപൂര്‍, നടനും ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ അനുഗമിച്ചു. ഭര്‍തൃസഹോദരന്‍ അനില്‍കപൂറും മകള്‍ സോനം കപൂറും വിമാനത്താവളത്തില്‍ ചൊവാഴ്ച രാത്രി 9.42ഓടെ ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങുകായായിരുന്നു.

അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വായുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇയിലെ റാസല്‍ ഖൈമ എമിറേറ്റ്‌സില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. താമസിക്കുന്ന ജുമൈറ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ 2201 അപാര്‍ട്‌മെന്റിലെ ബാത്ത്‌റൂമില്‍ വീണ് ശനിയാഴ്ച രാത്രി 11.30ഓടെയാണ് ശ്രീദേവി മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here