ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്തെന്ന് വെളിപ്പെടുത്തി ആരാധകരുടെ യുവി; വിരമിക്കുന്നതെന്നെന്നും വ്യക്തമാക്കി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് യുവരാജ് സിംഗ്. ഗാംഗുലി യുഗത്തില്‍ ടീമിലെത്തിയ യുവി പിന്നീട് ഏറെക്കാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിവാജ്യഘടകമായിരുന്നു.

2011 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. എന്നാല്‍ പിന്നീട് ടീമില്‍ നിന്ന് പുറത്തായതിനും തിരിച്ചെത്തിയതിനുമെല്ലാം കാലം സാക്ഷി.

തിരിച്ചുവരവില്‍ മികവ് പ്രകടിപ്പിച്ചെങ്കിലും ഫോം നിലനിര്‍ത്താനാകാത്തതോടെ വീണ്ടും കളത്തിന് പുറത്തായി. ഇപ്പോള്‍ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും ആഗ്രഹവുമെല്ലാം വെളിപ്പെടുത്തി താരം രംഗത്തെത്തിയിരിക്കുകയാണ്.

ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ടെസ്റ്റ് ടീമില്‍ സ്വന്തമായി ഒരിടം കണ്ടെത്താനാകാത്തതാണെന്ന് യുവി തുറന്നുപറഞ്ഞു. ടെസ്റ്റ് മത്സരങ്ങളില്‍ പലപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും സ്ഥിരസാന്നിധ്യമാകാന്‍ സാധിച്ചിരുന്നില്ല. ഇത് കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ്. ഇക്കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും യുവി വ്യക്തമാക്കി.

2017 ജൂണിലാണ് യുവി ഇന്ത്യന്‍ ജേഴ്‌സി അവസാനമായണിഞ്ഞത്. പിന്നീട് ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും തിരിച്ചെത്താനാകുമെന്നും ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുമെന്നുമാണ് താരം പ്രതീക്ഷിക്കുന്നത്.

ഇത്തവണത്തെ ഐപിഎല്ലില്‍ ഗംഭിര പ്രകടനം നടത്താനായാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാതിലുകള്‍ തനിക്ക് മുന്നില്‍ തുറക്കപ്പെടുമെന്നും യുവി പ്രത്യാശിക്കുന്നു. വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നതേയില്ലെന്നും 2019 ലോകകപ്പ് ടീമില്‍ സ്ഥാനം നേടുകയാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞു. ലോറസ് കായിക പുരസ്‌കാര വേദിയിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News