അഡ്മിനിസ്‌ട്രേറ്റര്‍ വഞ്ചിച്ചുവെന്ന് ആരോപണം; ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് കമ്പനിയുടെ തട്ടിപ്പിനിരയായവര്‍ വീണ്ടും സമരരംഗത്തേക്ക്

ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പിനിരയായവര്‍ വീണ്ടും സമരരംഗത്തേക്ക്. തട്ടിപ്പിനിരയായ ആയിരത്തോളം പേരാണ് നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാത്തതിനാല്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രശ്‌ന പരിഹാരത്തിന് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രറ്റര്‍ വഞ്ചിച്ചുവെന്നും ഇവര്‍ ആരോപിച്ചു.

വീടെന്ന സ്വപ്നവുമായി റിയല്‍ എസ്റ്റേറ്റ് കമ്പനിയെ വിശ്വസിച്ച് പണം നല്‍കി വഞ്ചിതരായ ആയിരത്തോളം പേര്‍ നീതിപീഠത്തിന്റെ ഉത്തരവ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് കന്പനിയുടെ വന്‍ തട്ടിപ്പ് പുറത്തുവന്നതും 150 കോടിയുടെ ക്രമക്കേടും കാലങ്ങള്‍ കൊണ്ട് മറന്നെങ്കിലും ഇരകളാക്കപ്പെട്ടവര്‍ ഇന്നും നീതി ലഭിക്കാതെ അലയുകയാണ്.

നഷ്ടപ്പെട്ട പണം ലഭിച്ചില്ലെന്ന് മാത്രമല്ല, ആയിരക്കണക്കിനാളുകളെ കബളിപ്പിച്ച ആപ്പിള്‍ ഉടമകള്‍ ഇപ്പോഴും സുഖസൗകര്യങ്ങളോടെ രാജകീയമായി കഴിയുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.

ഹൈക്കോടതി ഇടപടലിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി കെല്‍സ മധ്യസ്ഥശ്രമങ്ങള്‍ നടത്തിയെങ്കിലും ഇത് നിയമനടപടികള്‍ വൈകിക്കുകയാണുണ്ടായതെന്ന് ഇവര്‍ പറയുന്നു. ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ആപ്പിള്‍ ഉടമകളുടെ ആളായി മാറിയെന്നും ഇവര്‍ ആരോപിച്ചു.

പാര്‍പ്പിട പദ്ധതികള്‍ക്ക് വേണ്ടി ഒരു ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെയാണ് ആപ്പിള്‍ ഉടമകളായ സാജു കടവിലാന്‍, രാജീവ് ചെറുവാര എന്നിവര്‍ ഇടപാടുകാരില്‍ നിന്നും കൈപ്പറ്റിയത്. ഇവയില്‍ ചില പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങിയപ്പോള്‍ ചിലത് ഭൂമി രജിസ്‌ട്രേഷന്‍ പോലും കഴിഞ്ഞിരുന്നില്ല. 2006 മുതല്‍ 2011 വരെ നടന്ന തട്ടിപ്പില്‍ ഇപ്പോഴും നീതി ലഭിക്കാത്തതിനാല്‍ വന്‍പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News