വിവാദ ഭൂമിയിടപാട് കേസ്; എന്‍ഫോ‍ഴ്സ്മെന്‍റ് പ്രാഥമിക അന്വേഷണം തുടങ്ങി

എറണാകുളം -അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ എന്‍ഫോ‍ഴ്സ്മെന്‍റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഭൂമിയിടപാടില്‍ വിദേശ വിനിമയചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് എന്‍ഫോ‍ഴ്സ്മെന്‍റ് പരിശോധിക്കും.

സഭയുടെ കീ‍ഴിലു‍ളള ഭൂമികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് എന്‍ഫോ‍ഴ്സ്മെന്‍റ് സ്വമേധയാ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഭൂമിയിടപാടില്‍ സഭയ്ക്ക് ലഭിച്ച കോടികള്‍ എവിടെ നിന്ന് ലഭിച്ചുവെന്നാണ് പ്രാഥമികമായി അന്വേഷിക്കുക.

78 കോടിയിലധികം രൂപയുടെ ഭൂമിയിടപാടുകള്‍ അടുത്തിടെ സഭ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകളില്‍ വിദേശവിനിമിയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നും എന്‍ഫോ‍ഴ്സ്മെന്‍റ് പരിശോധിക്കും. ഭൂമിയിടപാടില്‍ കളളപ്പണം വെളുപ്പിക്കല്‍, വില കുറച്ചു കാണിക്കല്‍, നികുതി വെട്ടിപ്പ് എന്നിങ്ങനെ എല്ലാ വശവും വിശദമായി പരിശോധിക്കാനാണ് തീരുമാനം.

ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നതായി സഭാനേതൃത്വം തന്നെ സമ്മതിച്ചിരുന്നു. സഭ നിയമിച്ച വിവിധ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും ക്രമക്കേട് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കര്‍ദ്ദിനാളിനെതിരേ ക്രമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അല്‍മായര്‍ നല്‍കിയ ഹര്‍ജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കൂടാതെ ഇടപാടുകാരനെ ഉള്‍പ്പെടെ പ്രതിയാക്കി പൊലീസില്‍ നല്‍കിയ പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എന്‍ഫോ‍ഴ്സ്മെന്‍റും കോടികളുടെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News