പിഎന്‍ബി തട്ടിപ്പ്; മെഹുല്‍ ചോക്‌സിക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഊര്‍ജ്ജിതം; 1,200 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മെഹുല്‍ ചോക്‌സിക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു. മെഹുല്‍ ചോക്‌സിയുടെ 1,200 ഓളം കോടി മൂല്യം വരുന്ന 41 വസ്തുവകകള്‍ കണ്ടുകെട്ടി.

നീരവ് മോദിയും മെഹുല്‍ ചോക്‌സിയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കെതിരെയും അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്. മെഹുല്‍ ചോക്‌സിയുടെ 1217 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.

15 ഫഌറ്റുകളും, മുംബൈയിലുള്ള 17 ഓഫീസുകളും, തമിഴ്‌നാട്, നാഗ്പൂര്‍ എന്നിവിടങ്ങളിലായുള്ള 234 ഏക്കര്‍ സ്ഥവും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. മെഹുല്‍ ചോക്‌സിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന തുടരുന്നു. അതിനിടയില്‍ നീരവ് മോദിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി ഫയര്‍സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്നും ചില ബോര്‍ഡഗങ്ങള്‍ രാജിവെച്ചു.

പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ അമരിക്കന്‍ എക്‌സ്പ്രസിന്റെ സഞ്ജയ് റിഷി, പെപ്‌സി മുന്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടിവായിരുന്ന ഗൗതം മുക്കാവില്ലി, വിപ്രോ മുന്‍ സിഎഫ്ഒ സുരേഷ് സേനാപതി തുടങ്ങിയവരാണ് രാജിവെച്ചത്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ സൗത്ത് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയര്‍സ്റ്റാര്‍ ഗ്രൂപ്പ് പാപ്പര്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.

തട്ടിപ്പ് നടത്തിയവരുമായി സഹകരിക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് പ്രതികരിച്ചെങ്കിലും, ഫയര്‍സ്റ്റാര്‍ ഗ്രൂപ്പ് പാപ്പര്‍ ഹര്‍ജി നല്‍കിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിക്കാര്‍ ഇവരാരും തയ്യാറായിട്ടില്ല.

അതേസമയം, അന്വേഷണസംഘവുമായി സഹകരിക്കാന്‍ കഴിയില്ലെന്നാണ് നീരവ് മോദിയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐക്ക് നീരവ് ഇന്നലെ കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here