സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ദിലീപിന്റെ തീരുമാനം?

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ്, സിനിമാ അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തതായി സൂചന.

കേസിന്റെ വിചാരണ എപ്പോള്‍ വേണമെങ്കിലും തുടങ്ങാം. ഇത് സിനിമാ അഭിനയത്തെ പ്രതിസന്ധിയിലാക്കും. അതുകൊണ്ടാണ് ദിലീപ് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം പ്രൊ ഡിങ്കനില്‍ ദിലീപ് ജോയിന്‍ ചെയ്യുമെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

മാത്രമല്ല, ഡിങ്കന്റെ ചില ഭാഗങ്ങള്‍ ദുബായിലാണ് ഷൂട്ട് ചെയ്യേണ്ടത്. എന്നാല്‍ വിദേശത്തേക്ക് പോകാന്‍ ദിലീപ് അനുമതിയില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് തത്കാലം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ദിലീപ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ദിലീപിനോട് അടുത്തവൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

നടിയെ ആക്രമിക്കാന്‍ ഒന്നാംപ്രതിയായ പള്‍സര്‍ സുനിക്ക്, ദിലീപ് 1.5 കോടിയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന്  കുറ്റപത്രം വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനുണ്ടായിരുന്ന പകയാണ്.

കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് പറഞ്ഞതാണ് നടിയോട് ദിലീപിന് വൈരാഗ്യം തോന്നാന്‍ കാരണമായതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ്.

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.

ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായുള്ള സാക്ഷിമൊഴികള്‍, നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വ്യാജ ചികിത്സ രേഖ, അറസ്റ്റിലായ ശേഷം പള്‍സര്‍ സുനി ഒരു പോലീസുദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്, പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത് തുടങ്ങിയവയാണ് കേസിലെ സുപ്രധാന തെളിവുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News