ധോണിക്ക് ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് വേണ്ടത്; അത്രമേല്‍ പുളകിതമാണ് ഗാംഗുലിയുടെ വാക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ എറ്റവും മികച്ച നായകന്‍മാരില്‍ ഒരാളായാണ് സൗരവ് ഗാംഗുലിയെ ഏവരും വാഴ്ത്തുന്നത്. ദാദയെന്നും കൊല്‍ക്കത്തയുടെ രാജകുമാരനെന്നുമെല്ലാം ആരാധകര്‍ വിശേഷിപ്പിക്കുന്ന താരം ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച നേട്ടങ്ങള്‍ ചില്ലറയല്ല.

കോഴവിവാദത്തില്‍ തകര്‍ന്നടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതില്‍ ഗാംഗുലി വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എല്ലാമെല്ലാമായിരുന്ന സൗരവും ഒരു കാലത്ത് പടിക്ക് പുറത്തായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള വാതില്‍ കൊട്ടിയടച്ച് ഗാംഗുലിയെ പുറത്താക്കിയ ആ കാലം ദാദ ആരാധകരെ സംബന്ധിച്ചടുത്തോളം ഏറെ സങ്കടകരമായിരുന്നു. പ്രതിസന്ധികളില്‍ തളരാത്ത സൗരവ് കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ തള്ളിത്തുറന്ന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതെല്ലാം ചരിത്രമാണ്.

ദ്രാവിഡ് നായകനായും ഗ്രെഗ് ചാപ്പല്‍ പരിശിലകനായുമുള്ള കാലഘട്ടത്തിലാണ് ഗാംഗുലി പടിയ്ക്ക് പുറത്തായത്. അന്ന് ഏറെ വിവാദങ്ങള്‍ക്കും അത് ഇടനല്‍കിയിരുന്നു.

‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ എന്ന ആത്മകഥയില്‍ ഗാംഗുലി ചാപ്പലിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിടുന്നുണ്ട്. 2003 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ മുന്നില്‍ പരാജയപ്പെട്ടതിന്റെ വേദനയും ഗാംഗുലിയുടെ ആത്മകഥയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.

ഗാംഗുലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച ധോണിയെ വാനോളം വാഴ്ത്താന്‍ ദാദ മടികാട്ടിയിട്ടില്ലെന്നതാണ് ആത്മകഥയുടെ മറ്റൊരു വശം.

ധോണി 2003 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കില്‍ ലോകകിരീടം ഇന്ത്യയ്ക്ക് സ്വന്തമാകുമെന്നാണ് ഗാംഗുലി പറഞ്ഞുവയ്ക്കുന്നത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തളരാതെ മത്സരം തന്നെ മാറ്റി മറിക്കാന്‍ കഴിവുള്ള കളിക്കാരനാണ് ധോണി. 2003ലെ ലോകകപ്പ് ടീമില്‍ ധോണി ഉണ്ടായിരുന്നെങ്കിലെന്ന് പിന്നീട് ആഗ്രഹിച്ചിട്ടുണ്ടെന്നും ദാദ പറയുന്നു.

2004ലാണ് ധോണി ഗാംഗുലിയുടെ ടീമിന്ത്യയിലെത്തുന്നത്. ഒരോ ദിവസവും മികവ് മെച്ചപ്പെടുത്തുന്ന കളിക്കാരനായ ധോണിയെ കണ്ടെത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ദാദ വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും ധോണിയെ ടീമിന് പുറത്താക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണ് ഗാംഗുലി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here