നിരാശ്രയനായ മനുഷ്യനെ കൊല്ലുന്ന നാടിനെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി; സമൂഹത്തെക്കുറിച്ചുള്ള കരുതലാണ് സംസ്‌കാരത്തിന്റെ അടിസ്ഥാനം

കൊച്ചി: നിരാശ്രയനായ മനുഷ്യനെ കൊല്ലുന്ന നാടിനെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഓരോ കേരളീയന്റെയും മനസില്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ വകുപ്പിന്റെയും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു നേരത്തെ ആഹാരം കയ്യെത്തി പിടിക്കാന്‍ ശ്രമിച്ച നിരാശ്രയനായ മനുഷ്യനെ കൊല്ലുന്നതിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നാല്‍ ആ നാടിനെ സാംസ്‌കാരിക പ്രബുദ്ധതയുള്ള നാടായി വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സഹജീവികളോടും ലോകത്തോടാകെയുമുള്ള കരുതലാണ് സംസ്‌കാരത്തിന്റെ കാതല്‍. അതു തകര്‍ന്നാല്‍ പ്രബുദ്ധതയുള്ള നാടായി നമ്മെ കണക്കാക്കാനാകില്ല. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വലിയ ജാഗ്രത പുലര്‍ത്തണം.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നു. സമൂഹത്തെ പിന്നോട്ടു നയിക്കാനുള്ള അത്തരം നീക്കങ്ങളെ ഗൗരവത്തോടെ കാണണം. ഇത്തരം നീക്കങ്ങളെ തടയുകയാകണം സാംസ്‌കാരിക സംരംഭങ്ങളുടെ പ്രധാനദൗത്യം മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സ്വതന്ത്രമായി അഭിപ്രായപ്രകടനവും ഭാവനാപരമായ രചനകളും നിര്‍വഹിക്കുന്നവര്‍ അതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ദുരനുഭവങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. വിയോജനാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഞെരിച്ചമര്‍ത്തുന്നതും തുടരെത്തുടരെ ആക്രമിക്കുന്നതും ആവര്‍ത്തിക്കുന്നു. ഹിതകരമല്ലാത്തതൊന്നും ആരും പറയേണ്ടതില്ലെന്ന കല്‍പ്പനകള്‍ ഇടക്കിടെ കേള്‍ക്കുന്നു. സ്വതന്ത്ര കലാരചന നടത്തിയ എം.എഫ്. ഹുസൈന് ഈ നാടു വിടേണ്ടി വന്നു. ആനന്ദ് പട്‌വര്‍ധന്‍ ആക്രമിക്കപ്പെട്ടു.

കാഞ്ച ഏലയ്യയുടെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തി. എത്രയോ പേരുടെ കൃതികള്‍ ഇരുട്ടിലേക്ക് തള്ളി. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരുടെ ജീവനെടുത്തു. സ്വാതന്ത്രമായി ഉല്‍പതിഷ്ണുത്വത്തോടെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലായിരുന്നു ഇതെല്ലാം.

ചലച്ചിത്രങ്ങള്‍ക്കു നേരെ പടവാളോങ്ങുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നു. ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബുക്ക് കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം വ്യവസായി യൂസഫലി എം.എ. യൂസഫലിയില്‍ നിന്നും ചെക്ക് സ്വീകരിച്ച് മന്ത്രി നിര്‍വഹിച്ചു.

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്നും ആദ്യപ്രതി സ്വീകരിച്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു.

പുസ്തകമേള ഗൈഡ് പ്രൊഫ. കെ.വി. തോമസ് എം.പി പ്രകാശനം ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന ഇ.എം.എസിന്റെ നിയമസഭാ പ്രഭാഷണങ്ങള്‍ ആദ്യവോള്യത്തിന്റെ പ്രകാശനം എം.എ. ബേബി നിര്‍വഹിച്ചു.

പ്രൊഫ. എം.കെ. സാനു , മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍ എ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News