മധുവിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കും; കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടി; കുടുംബത്തിന് ആശ്വസമേകി മുഖ്യമന്ത്രി വീട് സന്ദര്‍ശിച്ചു

ആൾക്കൂട്ടം തല്ലികൊന്ന ആദിവാസി യുവാവ്‌ മധുവിന്റെ വീട്ടിൽ ആശ്വാസവുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. മധുവിന്റെ അമ്മയേയും സഹോദരിമാരേയും ബന്ധുക്കളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. മധുവിന്റെ കുടുംബത്തിന്‌ എല്ലാ നീതിയും ലഭിക്കുമെന്നും കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ മുക്കാലിയില്‍ ജില്ലാതല ഉദ്യോഗസ്‌ഥരുടേയും ആദിവാസി ക്ഷേമപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥരുടേയും യോഗത്തിൽ പങ്കെടുത്തശേഷമാണ്‌ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയത്‌.

മധുവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടുന്നതിലും കുടുംബത്തെ ആശ്വസിപ്പിക്കുന്നതിലും പരമാവധി നടപടികളെടുത്ത ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച അട്ടപ്പാടിയിലെത്തുന്നത്. പ്രതികളായ 16 പേരെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനും മധുവിന്റെ കുടുംബത്തിന് ധനസഹായം നൽകാനും കഴിഞ്ഞു.

മന്ത്രി എ കെ ബാലൻ ചിണ്ടക്കിയിൽ മധുവിന്റെ അമ്മയേയും സഹോദരിമാരെയും നേരിട്ടുകണ്ട് ആശ്വസിപ്പിക്കുകയും 8.25 ലക്ഷം രൂപയുടെ സഹായത്തിന്റെ ആദ്യ ഗഡുവായ 4.25 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിന്റെ സർട്ടിഫിക്കറ്റും ബുധനാഴ്ച കൈമാറി.ഫെബ്രുവരി 22‐നാണ് മധു കൊല്ലപ്പെട്ടത്.

മധുവിനെ വനത്തിലെ ഗുഹയിൽനിന്നും പിടികൂടിയ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചതാണ്‌ മരണകാരണം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here