കാലാവധി നീട്ടി നൽകിയിട്ടും പണി പൂർത്തിയായില്ല; കുതിരാൻ തുരങ്കപാത നിർമാണം അനിശ്ചിതത്വത്തിൽ

സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയായ കുതിരാനിലെ നിര്‍മാണ പ്രവർത്തനങ്ങൾ വീണ്ടും അനിശ്ചിതത്വത്തില്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം തുരങ്കത്തിന്റെയും റോഡിന്റെയും പണികള്‍ കമ്പനി നിർത്തിവച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ വടക്കുംചേരി മണ്ണൂത്തി ദേശീയപാത തുറന്ന് കൊടുക്കുന്നത് ഇനിയും നീണ്ടുപോകുമെന്ന് ഉറപ്പായി

വടക്കുഞ്ചേരി മണ്ണൂത്തി ദേശീയപാതയില്‍ കുതിരാന്‍ കയറ്റത്തിന് സമാന്തരമായി നിര്‍മ്മിച്ച പാതയാണ് സഞ്ചാരയോഗ്യമാക്കാതെ അടച്ചിട്ടിരിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കിനാല്‍ ദുരിതമയമായിരുന്ന പഴയ പാതയെ ഒഴിവാക്കി തുരംഗത്തിലൂടെയുള്ള പുതിയ പാത തുറന്നുകൊടുക്കാന്‍ പലവട്ടം സമയപരിധി നീട്ടിനല്‍കിയതാണ്. എന്നാല്‍ തുരങ്കവും ദേശീയ പാതയും എന്ന് സഞ്ചാരയോഗ്യമാക്കാം എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

നിര്‍മാണം നീണ്ടുപോയതോടെ ബാങ്കുകള്‍ കരാര്‍ കമ്പനിക്ക് പണം വായ്പ നല്‍കുന്നത് നിര്‍ത്തിവച്ചതാണ് ഇപ്പോള്‍ പണി മുടങ്ങാന്‍ കാരണം. തുരംഗ നിര്‍മാണ കമ്പനിക്കും ദേശീയപാത അനുബന്ധ പ്രവര്‍ത്തികളിലുമായി നാല് കോടിയിലധികം രൂപയാണ് ഇപ്പോള്‍ കുടിശികയുള്ളത്. പണം കിട്ടാത്തതിനാല്‍ നിര്‍മ്മാണ കമ്പനിയായ പ്രകൃതി പണി നിര്‍ത്തി. കരാർ കാലാവധി നീണ്ടു പോയതിനാൽ തുക ഉയർത്തി നൽകണമെന്ന ആവശ്യവും പലതവണ കമ്പനി ഉന്നയിച്ചതാണ്.

വലിയ തുക കുടിശികയായതോടെയാണ് കുതിരാന്‍ ഇരട്ടക്കുഴല്‍ നിര്‍മാണ കന്പനി നാല് ദിവസമായി പണി മുടക്കുന്നത്. 645 കോടി രൂപയുടെ പദ്ധതി ഇപ്പോഴെത്തി നില്‍ക്കുന്നത് 1020 കോടിയിലാണ്. 2006ലാണ് കുതിരാൻ തുരങ്കം ഉള്‍പ്പെടെയുളള വടക്കുഞ്ചേരി – മണ്ണൂത്തി 6 വരി പാതയുടെ നിര്‍മ്മാണം തുടങ്ങിയത്. പണി തീരാത്തതിനാല്‍ കാലാവധി നീട്ടി നല്‍കിയത് ഇതുവരെ 6 തവണയാണ്

പാറ പൊട്ടിക്കുന്നതിനിടെ സമീപത്തെ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളും, മണ്ണിടിച്ചില്‍ മൂലം പണി നിര്‍ത്തി വെക്കേണ്ടി വന്നതും, സാമ്പത്തിക പ്രശ്നങ്ങളുമാണ് മുൻ വര്‍ഷങ്ങളിൽ തുരംഗ നിര്‍മാണം നീണ്ടുപോകാന്‍ കാരണമായത്. നിര്‍മാണം പൂര്‍ത്തിയായ ആദ്യ തുരംഗം കഴിഞ്ഞ മാസം തുറക്കാനിരുന്നതാണെങ്കിലും പണി മുടങ്ങിയതോടെ ഇതും നടന്നില്ല. രണ്ടാം തുരംഗത്തിന്റെ നിര്‍മാണവും, ദേശീയപാതയുടെ പണികളും എപ്പോള്‍ പുനരാരംഭിക്കാനാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ ഡിസംബർ മാസത്തിൽ പാത തുറന്നു കൊടുക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. കമ്പനിയുടെ അപേക്ഷ പ്രകാരം ദേശീയപാത അതോറിറ്റി പാത കമ്മീഷൻ ചെയ്യുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ മാത്രമാണ് നീട്ടി നൽകിയത്. മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നടപടി ഉണ്ടായേക്കും.

അതേസമയം തുരങ്കമുഖത്തെ ഇരുമ്പു പാലത്തിന് സമീപം ബസ് സ്‌റ്റോപ് അനുവദിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. തുരംഗം ആരംഭിക്കുന്ന ഭാഗത്തെ പാറക്കെട്ടുകള്‍ സുരക്ഷിതമായി പൊട്ടിച്ചു നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

രണ്ടായിരത്തിയേഴ് മുതൽ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്ന കുതിരാൻ തുരങ്ക പതിനൊന്ന് വർഷത്തിനു ശേഷവും ഗതാഗതത്തിനായി തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരു കിലോമീറ്റർ നീളമുള്ള രണ്ട് തുരങ്കങ്ങൾ തുറന്നാൽ തൃശൂരിനും പാലക്കാടിനുമിടയിലെ കുതിരാൻ കയറ്റത്തിൽ പതിവായ ഗതാഗത കുരുക്കിനാണ് പരിഹാരമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News